‘എഴുത്തുകാര്‍ക്ക് നേരെ ശശികലയുടെ ഭീഷണി’: എറണാകുളം റൂറല്‍ എസ്പി അന്വേഷിക്കും

single-img
10 September 2017


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിവാദ പ്രസംഗത്തിനെതിരെ അന്വേഷണം. പ്രസംഗത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. എറണാകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. ശശികലയ്‌ക്കെതിരേ പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് വി.ഡി. സതീശന്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്റെ കയ്യിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടു പൊലീസ് നടപടിയെടുക്കുന്നില്ല എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

ശശികലയുടെ പ്രസംഗത്തില്‍ നിന്ന്

എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍.

എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം. ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലെ ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്.