ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് വീണ്ടും കല്ലുകടി: ചര്‍ച്ച നടത്താനുള്ള നീക്കം സൗദി നിര്‍ത്തിവെച്ചു

single-img
10 September 2017


റിയാദ്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തറുമായി ചര്‍ച്ച നടത്താനുള്ള നീക്കം സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം ആദ്യമായി ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇത് തെറ്റിദ്ധാരണാജനകമായ തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള നീക്കം നിര്‍ത്തിവെച്ചതായി സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.

വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്യുഎന്‍എ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വാര്‍ത്തകളാണ് പടച്ചു വിടുന്നത്. ഖത്തര്‍ കരാര്‍ ലംഘിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മുഴുവന്‍ കരാറുകളിലും വസ്തുതകളിലും മാറ്റം വരുത്താന്‍ തയ്യാറാകാത്തത് സൗദി അറേബ്യയുടെ സഹിഷ്ണുതയാണെന്ന് ഖത്തര്‍ അധികാരികള്‍ മനസ്സിലാക്കിയിട്ടില്ല.

ഖത്തറിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായതാണ് എന്നാല്‍ ഖത്തര്‍ അധികാരികള്‍ ഇത് ഗൗരവത്തോടെ കാണുന്നില്ലെന്നും മുന്‍ നിലപാടുകള്‍ തുടരുകയാണെന്നും സൗദി കുറ്റപ്പെടുത്തി. സത്യത്തിന് നിരക്കാത്ത ഖത്തറിന്റെ പ്രസ്താവനകളും വാര്‍ത്തകളും തുടരുന്നത് ചര്‍ച്ചകള്‍ നിര്‍ത്തിവെപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഫോണ്‍ സംഭാഷണം നടത്തിയതിന്റെ ഉള്ളടക്കം കൃത്രിമം നടത്തി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിന്റെ അപേക്ഷയുടെയും പതിമൂന്നു ഉപാധികളെ കുറിച്ച് നാലു രാജൃങ്ങളുമായും ചര്‍ച്ച ചെയ്യുന്നതിനുള്ള അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് ഫോണ്‍ സംഭാഷണം നടന്നത്. പ്രശ്‌ന പരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരെല്ലാം ഒന്നിച്ചിരിക്കണമെന്ന് ഖത്തര്‍ അമീര്‍ കിരീടവകാശിയോട് ആവശൃപ്പെട്ടു. ഇത് കിരീടവകാശി അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നത് ബോധ്യപ്പെടുത്തുന്നത്. പഴയ നിലപാടില്‍ തന്നെ തുടരാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് വ്യക്തമായ പ്രസ്താവനയിലുടെ നിലപാട് പരസ്യപ്പെടുത്താതെ ഖത്തറുമായി ഒരുവിധ ചര്‍ച്ചക്കും ആശയ വിനിമയത്തിനും തയ്യാറല്ലെന്നും സൗദി വ്യക്തമാക്കി.