ചികിത്സ കിട്ടാതെ മുരുകന്‍ മരിച്ച സംഭവം: ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും ?

single-img
10 September 2017

തിരുവനന്തപുരം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റിനൊരുങ്ങുന്നു. ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ ചോദ്യം ചെയ്തു. സീനിയര്‍ റസിഡന്റിനെയും ഡ്യൂട്ടി ഡോക്ടറെയുമാണു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. അറസ്റ്റിനു നീക്കം നടക്കുന്നതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോക്ടര്‍മാര്‍ കോടതിയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ആയുധമാക്കിയാണ് പോലീസിന്റെ നീക്കം.

മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. ജീവന്‍ നിലനിര്‍ത്താനുളള നടപടികള്‍ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടിയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികള്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് ആറാം തീയതി ദേശീയപാതയിലെ ഇത്തിക്കരയില്‍ രാത്രി പതിനൊന്നിനുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി മുരുകനാണ്(46) ചികിത്സ കിട്ടാതെ മരിച്ചത്. ഏറെനേരം റോഡില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന മുരുകനെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കൂടെ ആരുമില്ലാത്തതുകൊണ്ട് മെഡിസിറ്റി ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് ഏഴു മണിക്കൂറോളമാണ് വിവിധ ആശുപത്രികളിലൂടെ മുരുകന്‍ ആംബുലന്‍സില്‍ ചികിത്സ തേടി നടന്നത്. പിന്നീട് ആംബുലന്‍സില്‍തന്നെ മരിച്ചു.

ഇതേതുടര്‍ന്ന് പോലീസ് കൊല്ലം മെഡിസിറ്റി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, അസീസിയ, കിംസ്, എസ് യുടി എന്നീ അഞ്ച് ആശുപത്രികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണു കേസെടുത്തിരിക്കുന്നത്. നരഹത്യ തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാം.