മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ഉടന്‍ ബന്ധിപ്പിക്കണം: ഇല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ കട്ടാക്കും

single-img
10 September 2017

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 2018 ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനകം ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നല്‍കിയ നിര്‍ദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്.

ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.