എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ റദ്ദാക്കില്ലെന്ന് പി.എസ്.സി.

single-img
10 September 2017

പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചാം തീയതി നടത്തിയ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ റദ്ദാക്കില്ലെന്ന് പി.എസ്.സി. പകരം പൊതുവിജ്ഞാന വിഭാഗത്തില്‍ നിന്ന് നാലും മലയാളത്തില്‍ നിന്ന് ഒന്നും ചോദ്യങ്ങള്‍ റദ്ദാക്കി കൊണ്ട് 95 മാര്‍ക്ക് കണക്കാക്കി മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടിക തയ്യാറാക്കാനാണ് തീരുമാനം. തുടര്‍ന്ന് പി.എസ്.സി. അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു.

അക്കാദമിക് സിലബസ് കമ്മിറ്റിയുടെയും പരീക്ഷാ നിരീക്ഷണ സമിതിയുടെയും ശുപാര്‍ശകള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനമെടുത്തത്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഠന വിഷയങ്ങള്‍ക്ക് മുഴുവന്‍ പ്രാതിനിധ്യം നല്‍കാന്‍ ചോദ്യകര്‍ത്താവ് ശ്രദ്ധിച്ചില്ലെന്ന് കണ്ടെത്തിയ സമിതി അദ്ദേഹത്തെ പാനലില്‍ നിന്ന് ഒഴിവാക്കാനും ശുപാര്‍ശ ചെയ്തു. നൂറു ചോദ്യങ്ങളില്‍ പൊതുവിജ്ഞാന വിഭാഗത്തിലെ 20 ചോദ്യങ്ങള്‍ക്കെതിരെ മാത്രമാണ് പരാതിയുണ്ടായതെന്നും അതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കാനാകില്ലെന്നും സമിതിയംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ചൈനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്‌സണ്‍ രൂപീകരിച്ച സംഘടനയേത്, പസഫിക് സമുദ്രത്തില്‍ ഏകദേശം എത്ര ദ്വീപുകള്‍ കാണപ്പെടുന്നു, മധ്യ അറ്റ്‌ലാന്റിക് പര്‍വതനിരയുടെ നീളം എത്രയാണ്, ”1398ല്‍ തന്നെ യുദ്ധം ആരംഭിക്കേണ്ടതായിരുന്നു; പക്ഷെ ഭീരുക്കളെപ്പോലെ അവര്‍ നമുക്ക് കീഴടങ്ങി.

നമുക്ക് മ്യൂണിച്ചില്‍ നഷ്ടമായത് ഒരു വ്യത്യസ്ത സന്ദര്‍ഭമാണ്”ഈ വാക്കുകള്‍ ആരുടേതാണ് എന്നീ ചോദ്യങ്ങളാണ് പൊതുവിജ്ഞാന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയത്. ശരിയായ വാക്യം കണ്ടെത്തുന്നതിനുള്ള മലയാള ഭാഷാചോദ്യവും റദ്ദാക്കി. വ്യക്തമായ ഉത്തരമില്ലാത്തതിനും അക്ഷരത്തെറ്റിനും ഭാഗിക ഉത്തരങ്ങള്‍ക്കുമാണ് ഈ ചോദ്യങ്ങള്‍ റദ്ദാക്കിയത്.

എന്നാല്‍ പഠിക്കാന്‍ നിര്‍ദ്ദേശിച്ച ഭാഗങ്ങളില്‍ നിന്നല്ല പൊതുവിജ്ഞാന വിഭാഗത്തിലെ ഭൂരിഭാഗം ചോദ്യങ്ങളുമെന്ന ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തിയ ഏറ്റവും പ്രധാന പരാതിക്ക് പി.എസ്.സി. ഇനിയും മറുപടി നല്‍കിയിട്ടില്ല. എല്ലാ പാഠ്യഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ ചോദ്യങ്ങളുണ്ടായില്ലെന്ന മറുപടിയാണ് ഇതിന് പി.എസ്.സി. നല്‍കുന്നത്.

പൊതുവിജ്ഞാനത്തിന് ആറു ഭാഗങ്ങളാണ് പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇവയില്‍ ഏതൊക്കെ ഭാഗങ്ങളില്‍ നിന്ന് ചോദ്യമുണ്ടായെന്ന് വിശദീകരിക്കാനും പി.എസ്.സിക്ക് കഴിയുന്നില്ല. പകരം ചോദ്യകര്‍ത്താവിനെ നീക്കിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതിലൂടെ ചോദ്യകര്‍ത്താവിനെ രക്ഷിക്കാനും റാങ്ക്പട്ടിക അട്ടിമറിക്കാനുമുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നുമാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്