ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
10 September 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ശ്രീലങ്കന്‍ പര്യടനത്തിനു പോയ 15 അംഗ ടീമിലെ ഷാര്‍ദുല്‍ താക്കൂറിനെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ.

പേസ് ബോളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്‍ ദ്വയമായ ആര്‍.അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു. വെറ്ററന്‍ താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ഇത്തവണയും ടീമില്‍ ഇടം നേടാനായില്ല. സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ഏകദിനം.

2019 ലോകകപ്പ് ലക്ഷ്യമാക്കി ടീം പിന്തുടരുന്ന റൊട്ടേഷന്‍ സമ്പ്രദായമനുസരിച്ചാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് അറിയിച്ചു. അതനുസരിച്ചാണ് അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമംഗങ്ങളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രസാദ്, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.