‘മൂന്നാം ഊഴത്തില്‍’ ദിലീപ് പുറത്തുവരുമോ?

single-img
10 September 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്. നേരത്തെ രണ്ടു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍, ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടു മാസം തികയുകയാണ്.

അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടുക. അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ക്കായി അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇളവ് അനുവദിച്ച കാര്യവും കോടതി പറഞ്ഞ വ്യവസ്ഥകള്‍ താന്‍ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിക്കും.

എന്നാല്‍, ജാമ്യം നല്‍കരുതെന്നാവും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. സിനിമാപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയ കാര്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയും പ്രോസിക്യൂഷന്‍ ആയുധമാക്കും.

ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും. സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാവും പ്രോസിക്യൂഷന്‍ നിലപാടെടുക്കുക.

അതേസമയം, ദിലീപിനെ ഫോണ്‍ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ച എആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിനെ ഫോണ്‍ വിളിക്കാന്‍ അനീഷ് സഹായിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. ഈ അവസരം പള്‍സര്‍ സുനി ഉപയോഗിക്കുകയായിരുന്നു. സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതും അനീഷാണ്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണ്. ഇതേത്തുടര്‍ന്നാണ് ദിലീപിനെ വിളിക്കാന്‍ അനീഷ് സഹായം നല്‍കിയത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ കേസിലെ പതിനാലാം പ്രതിയാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നാദിര്‍ഷ നല്‍കയി ഹര്‍ജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. കേസിന്റെ മുന്നോട്ടുള്ള പോക്കിന് നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ നാദിര്‍ഷയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും കോടതിയില്‍ പൊലീസ് വ്യക്തമാക്കി