പ്രതിസന്ധിക്കിടയിലും ഖത്തര്‍ അമീറിന് ജനങ്ങളുടെ പൂര്‍ണപിന്തുണ

single-img
10 September 2017

ജി.സി.സിയില്‍ രൂപപ്പെട്ട പ്രതിസന്ധി സങ്കീര്‍ണ്ണമായ സാഹചര്യത്തിലും ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുന്ന കുവൈറ്റിനെയും തുര്‍ക്കിയെയും ഖത്തറിലെ മാധ്യമങ്ങളും പ്രശംസിച്ചു.

ഖത്തറിനെതിരെ എല്ലാ നിലക്കും ഏര്‍പ്പെടുത്തിയ ഉപരോധം 3 മാസം പിന്നിട്ട സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, സൗദി കിരീടാവകാശിയുമായി സംസാരിക്കാന്‍ സന്നദ്ധമായതിലൂടെ പ്രശ്‌ന പരിഹാരത്തിന് തങ്ങള്‍ എതിരല്ല എന്ന മുന്‍ നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്.

ഇതിനോടും ഖത്തറിലെ ജനങ്ങള്‍ പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യാത്ത ഉപാധികളില്‍ ചര്‍ച്ചയാകാമെന്നു കൂടി ഖത്തര്‍ അറിയിച്ചിരുന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്.

വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ നിലവിലെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കുവൈത്ത് നടത്തിവരുന്ന മധ്യസ്ഥ ശ്രമത്തിന്റെ നാള്‍ വഴികള്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ ധരിപ്പിച്ചു.

ഖത്തറിനെതിരെ സൈനിക നടപടിക്ക് വരെ സാധ്യത ഉണ്ടായിരുന്നൂവെന്ന കുവൈത്ത് അമീറിന്റെ പ്രസ്താവനയും ഖത്തര്‍ സ്വീകരിച്ച നിലപാടും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് എത്താതിരിക്കാന്‍ സഹായിച്ചതായി ശൈഖ് സ്വബാഹ് വ്യക്തമാകി.

കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ച പൂര്‍ണ പിന്തുണ പ്രതിസന്ധി ശക്തി പ്രാപിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചതായി വിലയിരുത്തപ്പെട്ടു. കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ട്രംപ് സൗദി, യു.എ.ഇ, ഖത്തര്‍ ഭരണാധികാരികളെ ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫോണ്‍ സംഭാഷണം നടത്തിയത്.