‘ജെഎന്‍യുവില്‍ തോറ്റിട്ടും’ ജയിച്ചെന്ന നുണപ്രചരണവുമായി എബിവിപി: കളിയാക്കിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
10 September 2017

ഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തകര്‍പ്പന്‍ ജയമാണ് കരസ്ഥമാക്കിയത്. പ്രധാന എതിരാളികളായ എ ബി വിപിയേയും ബാപ്‌സയേയും പിന്നിലാക്കിക്കൊണ്ട് മുഴുവന്‍ ജനറല്‍ സീറ്റുകളും എസ് എഫ് ഐ ഐസഡി എസ് എഫ് സഖ്യം പിടിച്ചെടുക്കുകയായിരുന്നു.

സംഘപരിവാര്‍ ശക്തികള്‍ക്ക് വിദ്യാര്‍ഥികള്‍ ബാലറ്റിലൂടെ നല്‍കിയ മറുപടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ ജെ എന്‍ യു വില്‍ വിജയിച്ചത് തങ്ങളാണെന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ എബിവിപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പോസ്റ്റുകളില്‍ തങ്ങള്‍ ജയിച്ചതായാണ് സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാറിന്റെ കുട്ടിനേതാക്കള്‍ പ്രചരണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എ.ബി.വി.പിയുടെ നിധി ത്രിപാഠി വിജയിച്ചെന്നുള്ള പോസ്റ്റ് സംഘികളാണ് പ്രചരിപ്പിച്ചതെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എ.ബി.വി.പി വിജയിച്ചെന്ന് പ്രചരിപ്പിച്ചത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ തന്നെയായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിജയ്‌വര്‍ഗിയ ട്വീറ്റ് പിന്‍വലിച്ചു. നേരത്തെ തന്നെ വ്യാജപ്രചരണത്തിനു പേരുക്കേട്ട സംഘികളുടെ ഇത്തവണത്തെ കള്ളപ്രചരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും വിജയിച്ചെന്ന് പോസ്റ്റിടാനുള്ള തൊലിക്കട്ടി ഇക്കൂട്ടര്‍ക്ക് മാത്രമെയുണ്ടാകു എന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം.

യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാര്‍ത്ഥിയായ ഗീതാകുമാരിയാണു 1506 വോട്ടുകളോടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടത്. എ ഐ എസ് എ(All India Students’ Association) യുടെ പ്രവര്‍ത്തകയാണു ഗീതാകുമാരി. എ ബി വിപിയുടെ നിധി ത്രിപാഠി 1042 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ബാപ്‌സയുടെ സ്ഥാനാര്‍ത്ഥിയായ ഷബാനയാണു 935 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയത്. ഒറ്റയ്ക്കു മത്സരിച്ച എ ഐ എസ് എഫിന്റെ സ്ഥാനാര്‍ത്ഥി അപരാജിത രാജയ്ക്ക് 416 വോട്ടുകള്‍ മാത്രമേ നേടുവാനായുള്ളൂ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഞായറാഴ്ച പുലര്‍ചെയാണ് പൂര്‍ത്തിയായത്. അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായില്ല. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മറ്റെല്ലാ ജനറല്‍ സീറ്റിലും യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വിജയിച്ചത്. സിമോന്‍ സോയാ ഖാന്‍(ഐസ) വൈസ് പ്രസിഡന്റായും ദുഗ്ഗിരാള ശ്രീകൃഷ്ണ (എസ് എഫ് ഐ) ജനറല്‍ സെക്രട്ടറിയായും ശുഭാന്‍ഷു സിംഗ് ഡി എസ് എഫ്) ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു.