ഒരുകാലത്ത് മലയാളക്കരയുടെ ഭാഗമായിരുന്നതും ഇന്ന് തമിഴ്‌നാടിന്റെ പ്രദേശവുമായ കന്യാകുമാരിയെന്ന സുന്ദരയിടത്തിലെ കാഴ്ചകള്‍

single-img
9 September 2017

ഒരു കാലത്ത് മലയാള മണ്ണിന്റെ സ്വന്തമായിരുന്നതും കാലാന്തരത്തില്‍ നമ്മുടെ കൈവിട്ട് തമിഴ്‌നാടിനോട് ചേര്‍ന്നതുമായ പ്രേദേശമാണ് കന്യാകുമാരി. കേരളത്തിന്റെ തലസ്ഥാന നഗരിയോട് ചേര്‍ന്നുകിടക്കുന്ന ഈ തമിഴ് ജില്ല ഒരര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളം തന്നെയാണ്. എന്തു വിലനല്‍കിയാലും പകരമാകാത്ത ആ പഴയ മലയാളത്തിടം ഇന്ന് മോഹിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും നടുവില്‍ ചരിത്രപ്രാധ്യാന്യമുള്ളതും പൈതൃകപരവുമായ സ്ഥലങ്ങള്‍ ഒട്ടനവധിയുണ്ട്. പഴയ തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ആ ഇടത്തേക്ക് ഒരു യാത്രപോകാം.

വിവേകാനന്ദ പാറ


കന്യാകുമാരിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് വിവേകാനന്ദപ്പാറ. ഒരു ചെറുദ്വീപായി കടലില്‍ നിന്നും കുറച്ചകലെമാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1892 ഡിസംബര്‍ 25ലെ ഒരു രാത്രി മുഴുവന്‍ സ്വാമി വിവേകാനന്ദന്‍ ഇവിടെ നീണ്ട ധ്യാനത്തില്‍ കഴിയുകയുണ്ടായി. അതിന്റെ ഓര്‍മ്മയ്കായാണ് ഇവിടം വിവേകാനന്ദപ്പാറ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നും ദിനവും ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടനകേന്ദ്രം കൂടിയാണിവിടം.

തിരുവള്ളുവര്‍ സ്തൂപം

തമിഴ്ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന അനശ്വരകവി തിരുവള്ളുവരുടെ സ്മരണാര്‍ത്ഥം കന്യാകുമാരിയില്‍ നിലകൊള്ളുന്ന സ്തൂപം. വിവേകാനന്ദപ്പാറയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന തിരുവള്ളുവര്‍ പ്രതിമയുടെ ആകെമൊത്തം ഉയരം എന്നത് 133 അടിയാണ്. പ്രതിമയുടെ മാത്രം ഉയരം 95 അടിയും പ്രതിമ നില്‍കുന്ന പീഠത്തിന്റെ ഉയരം 38 അടിയുമാകുന്നു.

മുട്ടം ബീച്ച്

Muttome

നാഗര്‍കോവിലില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് മുട്ടം ബീച്ച്. കടലിലേക്കിറങ്ങികിടക്കുന്ന ഭീമന്‍പാറകളാല്‍ മനോഹരമാണ് മുട്ടം ബീച്ചിലെ കാഴ്ച. സായാഹ്നവേളകള്‍ സുന്ദരമാകാന്‍ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ഇവിടം. പ്രകൃതിരമണീയമായ കടല്‍തീരമായതു കൊണ്ടുതന്നെ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനും കൂടിയാണ് ഇവിടം. ചരിത്രപ്രധാനമായ ചില പൈതൃകനിര്‍മ്മിതികളും മുട്ടം ബീച്ചില്‍ അവശേഷിക്കുന്നു. അതിലേറ്റവും പ്രധാനമായ ഒന്നാണ് 1875ല്‍ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ലൈറ്റ് ഹൗസ്.

ഗാന്ധിമണ്ഡപം കന്യാകുമാരി

Gandhi mandapam

രാഷ്ട്രപിതാവ് മഹാത്മാജിയുടെ സ്മരണയ്ക്കായി കന്യാകുമാരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്ഡപം. ഗാന്ധിജിയുടെ ചിതാഭസ്മം ഒരിക്കല്‍ വീണസ്ഥലത്ത് നേരിട്ട് സൂര്യപ്രകാശം വീഴുന്നു എന്ന ആശയത്താലാണ് ഗാന്ധിമണ്ഡപം കന്യാകുമാരിയി നിര്‍മ്മിച്ചത്. എല്ലാവര്‍ഷവും ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2ന് മണ്ഡപത്തില്‍ പ്രത്യേക കര്‍മ്മങ്ങള്‍ നടന്നുവരുന്നു. രാവിലെ 7.00 മണിമുതല്‍ 12.30 വരെയും വൈകിട്ട് 3.00 മുതല്‍ 7.00 വരെയും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്.

മത്തൂര്‍ പാലം

Mathur Bridge

കന്യാകുമാരിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് മത്തൂര്‍ പാലം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതും നീളമുള്ളതുമായ കനാല്‍ പാലമാണ് മത്തൂര്‍ പാലം. 115 അടിയാണ് ഉയരം. മത്തൂരില്‍ പഴയിയാര്‍ നദിയ്ക്ക് കുറുകെയായി ഒരു കുന്നുന്റെ രണ്ടുവശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് 1969ല്‍ ഈ പാലം സ്ഥാപിക്കുന്നത്. കുന്നിന്റെ ഒരുഭാഗത്തുനിന്നും മറുഭാഗത്തേക്ക് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി കനാല്‍ മാര്‍ഗ്ഗം വെള്ളം നല്‍കുന്നു. 384 മീറ്റര്‍ നീളമുള്ള വെള്ളത്തൊട്ടിക്ക് 7 അടി ഉയരവും 7.6 അടി വീതിയുമുണ്ട്. സഞ്ചാരികള്‍ക്കായി വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തൃപ്പരപ്പ് വെള്ളച്ചാട്ടം

thirparappu_new

72 അടി ഉയരമുള്ള വെള്ളച്ചാട്ടമാണ് തൃപ്പരപ്പ്. വര്‍ഷത്തില്‍ ഏഴുമാസവും ഇവിടെ വെള്ളം സുലഭമാണ്. വെള്ളച്ചാട്ടത്തിന്റെ മുകളിലായി 250 മീറ്റര്‍ നീളത്തില്‍ വെള്ളം കെട്ടിനിര്‍ത്താനുള്ള ചിറ നിര്‍മ്മിച്ചിട്ടുണ്ട്. സമീപമുള്ള നെല്‍പ്പാടങ്ങളിലേക്ക് ഇവിടെനിന്നുമാണ് ജലവിതരണം ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനും ചിറയ്ക്കും നടുവിലായി പണിതിരിക്കുന്ന ചെറിയ ശിവക്ഷേത്രം ഇവിടത്തെ മുഖ്യാകര്‍ഷണമാണ്.

പദ്മനാഭപുരം കൊട്ടാരം

Padmanabhapuram

കന്യാകുമാരി ജില്ലയില്‍ തക്കലയില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 ല്‍ പത്മനാഭപുരം കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്.
കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ ഉത്തമ ഉദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന വളപ്പില്‍ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു. കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത് കേരളാ സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പാണ്.

പേച്ചിപ്പാറ ഡാം

Pechiparai_dam

നഗര്‍കോവിലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് പേച്ചിപ്പാറ ഡാം. 425.1 മീറ്റര്‍ നീളമുള്ള അണകെട്ടിന്റെ ആകെവിസ്തൃതി 204.8 ചതുരസ്ത്രകിലോമീറ്റര്‍ ആകുന്നു. ഹൃദ്യമായ കാലാവസ്ഥയായതിനാല്‍ തന്നെ നിരവധി സഞ്ചാരികളുടെ ഇഷ്ടവിനോധകേന്ദ്രങ്ങളില്‍ ഒന്നാണിവിടം.
നിപിഡമായ വനത്തിനുള്ളിലായാണ് അണകെട്ട് നില്‍കുന്നത്. അപൂര്‍വ്വയിനം വൃക്ഷങ്ങള്‍, കടുവ, ആന, മാന്‍ തുടങ്ങി ജീവവൈവിദ്യമാല്‍ സമ്പന്നമായ അതിസുന്ദരവനമാണിത്. കൂടാതെ കാണിക്കാര്‍ എന്ന ആദിവാസി വിഭാഗവും വനത്തില്‍ കഴിയുന്നു. സഞ്ചാരികള്‍ക്കായി ക്യാമ്പ്‌ഷെഡ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ശുചീന്ദ്രം ക്ഷേത്രം

Suchindram_-_Thanumalayan_Temple5

നാഗര്‍കോവിലില്‍ നിന്നും ഏഴ് കിലോമീറ്ററകലെ ശുചീന്ദ്രം എന്ന ചെറുഗ്രാമത്തില്‍ പഴയാര്‍ നദീതീരത്താണ് ശുചീന്ദ്രം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവന്‍, വിഷ്ണു, ബ്രഹ്മാവ് ത്രിമൂര്‍ത്തികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ത്രിമൂര്‍ത്തിയവതാരമായ ശ്രീ സ്താണുമലയന്‍ ആകുന്നു ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ദ്രാവിഡ കലയുടെയും വാസ്തുശൈലിയുടെയും മാസ്മരിക കലവറകൂടിയാണ് ശുചീന്ദ്രം ക്ഷേത്രം. സംഗീതരസമുള്ള തൂണുകള്‍, 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ, വൈനായകി ശില്പം (വിനായകന്റെ സ്ത്രീഅവതാരം) എന്നിവയെല്ലാം അക്കാലത്തെ കലാപ്രതിഭയുടെ മകുടോദാഹരണമായി ഇന്നും നിലകൊള്ളുന്നു.

തിരുവട്ടാര്‍ വിഷ്ണുക്ഷേത്രം

Thiruvettar

വൈഷ്ണവരുടെ പതിമൂന്ന് വിശുദ്ധസ്ഥലങ്ങളില്‍ ഒന്നാണ് തിരുവട്ടാര്‍ ക്ഷേത്രം എന്ന് കണക്കാക്കുന്നു. അനന്തസായാഹ്നസ്ഥിതിയിലുള്ള (ഉറങ്ങിയ) ആദി കേശവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഇവിടത്തെ കൊത്തുപണികള്‍ വ്യക്തമാക്കുന്നു. പതിനേഴാം നൂറ്റാണ്ടിന് മുന്നെയുള്ള ചുവര്‍ചിത്രങ്ങളും ദേവാലയത്തിന്റെ ഉള്ളില്‍ കാണാവുന്നതാണ്. കൂടാതെ ക്ഷേത്രത്തിന്റെ ഭൂരിഭാഗവും തടികൊണ്ടുള്ള കൊത്തുപണികളാണ്. നാഗര്‍കോവിലില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഈ പ്രാചീന ദേവാലയം നിലകൊള്ളുന്നത്.

ഉദയഗിരി കോട്ട

Udayagiri

1600ല്‍ നിര്‍മ്മിതമായ ഉദയഗിരിക്കോട്ട പിന്നീട് 1741-44 കാലഘട്ടങ്ങളില്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍താണ്ഡവര്‍മ്മ മഹാരാജാവാണ് പുനര്‍നിര്‍മ്മിച്ചത്. നാഗര്‍കോവിലില്‍ നിന്നും പതിനാല്‍ കിലോമീറ്റര്‍ അകലെയായാണ് ഉദയഗിരി കോട്ട. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നാവിക കമാന്‍ഡറായിരുന്ന യൂസ്താഷ്യസ് ഡി ലാന്നോയിയുടെ മേല്‍നോട്ടത്തിലായിരുന്നു പുനരുദ്ധാരണം നടന്നത്. ലന്നോയി പിന്നീട് തിരുവിതാംകൂര്‍ പട്ടാളമെധാവിയുമായിരുന്നു.

260 അടിയുള്ള ഒറ്റപെട്ട മലമുകളില്‍ നികുന്ന കോട്ടയുടെ വിസ്തീരണം 90 ഏക്കറോളം വരും. അന്നത്തെക്കാലത്ത് യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായിരുന്നു ഉദയഗിരി കോട്ട ഉപയോഗിച്ചിരുന്നത്. പദ്മനാഭപുരം തലസ്ഥാനമായിരുന്ന സമയത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പട്ടാളത്താവളമായിരുന്നു ഉദയഗിരി കോട്ട. ഭീമാകാരമായ ഗ്രാനൈറ്റ് കല്ലുകളാല്‍ നിര്‍മ്മിച്ച കോട്ട ടിപ്പു സുല്‍ത്താനെതിരായ യുദ്ധത്തില്‍ പിടികൂടിയിരുന്നവരെ തടവിലാക്കാനും ഉപയോഗിച്ചിരുന്നു. യൂസ്താഷ്യസ് ഡി ലാന്നോയിയുടെയും കുടുംബത്തിന്റെയും ശവകുടീരവും ഇവിടെ കാണാവുന്നതാണ്. അടുത്തകാലത്തായി കോട്ടയില്‍ ഒരു ഭൂഗര്‍ഭതുരങ്കവും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

വിശുദ്ധ സേവിയേഴ്‌സ് പള്ളി

St_XavierChurc

നാഗര്‍കോവിലില്‍ നിലകൊള്ളുന്ന 1600ല്‍ തന്നെ നിര്‍മ്മിതമായ മറ്റൊരു പുരാതനകെട്ടിടമാണ് വിശുദ്ധ സേവിയേഴ്‌സ് കത്തീഡ്രല്‍. ക്രൈസ്തവ പുരോഹിതനായ വിശുദ്ധ സേവിയേഴ്‌സ് ഇന്ത്യ സന്ദര്‍ശിച്ചതിന്റെ സ്മരണാര്‍ത്ഥമായിട്ടാണ് അദ്ദേഹത്തിന്റെ നാമം പള്ളിക്ക് നല്‍കിയത്. പുരാധനകാലം മുതല്‍ക്കെ നിരവധി അത്ഭുതങ്ങള്‍ക്ക് പേരുകേട്ടിട്ടുള്ള പള്ളിയാണിത്. സെന്റ് സേവിയെഴ്‌സ് കത്തീഡ്രലിന്റെ വാര്‍ഷികോത്സവം എല്ലാ വര്‍ഷവും നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടന്നുവരുന്നു. പത്തുനാള്‍ നീണ്ട ബൃഹത് ആഘോഷങ്ങളാണിവിടെ നടക്കുക.

പീര്‍ മുഹമ്മദ് ഒലിയുള്ള ദര്‍ഹ

Peer Muhammed

തിരുനല്‍വേലി ജില്ലയിലെ തക്കലയിലുള്ള മുസ്ലീം പള്ളിയാണ് പീര്‍ മുഹമ്മദ് ഒലിയുള്ള ദര്‍ഹ. മഹാനായ ഇസ്ലാം പണ്ഡിതന്‍ മുഹമ്മദ് അപ്പയുടെ നാമമാണ് പള്ളിക്ക് നല്‍കിയിരിക്കുന്നത്. എല്ലാ വര്‍ഷവും അറബിമാസം റജബിലെ പൗര്‍ണമിദിനത്തില്‍ ഇവിടെ അപ്പയുടെ ജന്മദിനമായി ആഘോഷിക്കാറുണ്ട്. ജാതിമതഭേതമന്യെ എല്ലാ മതവിഭാഗത്തില്‌പെട്ട ആളുകളും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു.

വട്ടക്കോട്ട

VattaiKottai

ദീര്‍ഘചതുരാകൃതിയില്‍ ഗ്രാനൈറ്റുക്കളാല്‍ നിര്‍മ്മിതമായ കോട്ടയാണ് വട്ടക്കോട്ട. കന്യാകുമാരിയുടെ വടക്കുകിഴക്കായി ആറ് കിലൊമീറ്റര്‍ അകലെയാണ് കോട്ട നില്‍ക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് നഞ്ചില്‍കോട് പ്രദേശം സംരക്ഷിക്കുന്നതിനായി ഭീമന്‍ കോട്ടമതില്‍ തീര്‍ക്കുകയായിരുന്നു. ദക്ഷിണ തിരുവിതാംകൂര്‍ രേഖയെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
മൂന്നരയേക്കറോളം പരന്നുകിടക്കുന്ന വട്ടകോട്ട 25 മുതല്‍ 26 അടി ഉയരമുള്ള ഭീമന്‍ ഭിത്തികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മുന്നിലെ ഭിത്തിക്ക് 29 അടി വണ്ണവും വശങ്ങളിലേതിന് 18 അടിയും പുറകിലത്തേതിന് ആറടിയും വണ്ണമുണ്ട്. കടല്‍ത്തീരത്താണ് ഇത് സ്ഥിതിചെയ്യുന്നു എന്നതാണ് വട്ടക്കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

ഉലകൈ അരുവി വെള്ളച്ചാട്ടം

ulakkai-aruvi

ഉലകൈ എന്നാല്‍ തമിഴില്‍ കുഴവിക്കല്ല്, ഉലക്ക എന്നൊക്കെയാണ് അര്‍ത്ഥം. കുഴവിക്കല്ലിന്റെ ആകൃതിയില്‍ കാണുന്നതിനാലാണ് ഉലകൈ അരുവി എന്ന് ഈ വെള്ളച്ചാട്ടത്തിന് പേരുലഭിക്കുന്നത്. നാഗര്‍കോവിലിലെ അഴക്പാണ്ഡിപുരം ഗ്രാമത്തിലെ പ്രകൃതിദത്തമായ വെള്ളച്ചാട്ടമാണ് ഉലകൈ അരുവി. ഇവിടേക്ക് നേരിട്ട് റോഡ് മാര്‍ഗ്ഗം ചെല്ലാന്‍ കഴിയില്ല. കാരണം ഒരുവനത്തിന്റെ ഉള്ളിലായിട്ടാണ് ഈ വെള്ളച്ചാട്ടം. പെരുന്തലൈക്കാട് വരെ റോഡ്മാര്‍ഗ്ഗം വന്നതിന് ശേഷം മൂന്ന് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തേണ്ടത്. അതിനാല്‍ നിശബ്ദമായ ഘോരവനത്തിനുള്ളിലൂടെയുള്ള അതുല്യയാത്ര അനുഭവവും സഞ്ചാരികള്‍ക്ക് ഇവിടെ കാത്തിരിക്കുന്നു.

മുക്കടല്‍ ഡാം

Mukkadal Dam

പൂര്‍ണ്ണമായി കളിമ്മണ്ണിലും ഗ്രാനൈറ്റിലും നിര്‍മ്മിച്ച അണക്കെട്ടാണ് മുക്കടല്‍ ഡാം, അതിനാല്‍തന്നെ പ്രകൃതിയാലുള്ള മണ്ണുകൊണ്ടുള്ള ഡാം എന്നും ഇതിനെ വിഷേശിപ്പിക്കുന്നു. നാഗര്‍കോവിലിലാണ് മുക്കടല്‍ ഡാം സ്ഥിതിചെയ്യുന്നത്. 1645ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ചിത്തിര തിരുനാള്‍ രാജാവാണ് വമ്പാര്‍ നദിയ്ക്ക് കുറുകെ ഈ അണക്കെട്ട് നിര്‍മ്മിച്ചത്. മുക്കടല്‍ ഡാമിന് 50 അടിയോളം ജലം ശേഖരിക്കാന്‍ കഴിവുണ്ട്. വനയാത്രയ്ക്കും ബോട്ടിങ്ങിനുമൊക്കെ പേരുകേട്ടയിടമാണ് മുക്കുടല്‍.

ചോതവിളൈ ബീച്ച്

Chothavilai beach

കന്യാകുമാരി ജില്ലയിലെ മുഖ്യ ബീച്ചുകളിലൊന്നാണ് ചോതവിള അല്ലെങ്കില്‍ സോതവിള ബീച്ച്. നാല് കിലോമീറ്റര്‍ നീളമുള്ള ഈ ബീച്ച് തമിഴ്‌നാട്ടിലെതന്നെ ഏറ്റവും വലിയ ബീച്ചുകളിലൊന്നാണ്. കന്യാമുമാരിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ചോതവിള ബീച്ച്. ആഴക്കുറവ് കാരണം നീന്തലിനും അനുയോജ്യമാണിവിടം.

വണ്‍മെന്റ് മ്യൂസിയം, കന്യാകുമാരി

Chothavilai Beach, Kanyakumari

Chothavilai Beach, Kanyakumari

കന്യാകുമാരി ബീച്ച്‌റോഡില്‍ ടൂറിസ്റ്റ് ഓഫീസിന് സമീപമാണ് ഗവണ്‍മെന്റ് മ്യൂസിയം. പണ്ടുകാലങ്ങളില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന പിത്തള ഉപകരണങ്ങല്‍, പണത്തുട്ടുകള്‍, കരകൗശല വസ്തുക്കള്‍, മരകൊത്തുപണികള്‍, ജീവികളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മനവാലകുറുച്ചിയില്‍ നിന്നും ലഭിച്ച തിമിംഗലത്തിന്റെ വിവിധ അസ്ഥികള്‍ ഇവിടത്തെ പ്രധാന ശേഖരണങ്ങളിലൊന്നാണ്. വെള്ളി, രണ്ടാം ശനി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ 5.30 വരെ മ്യൂസിയത്തില്‍ സന്ദര്‍ശനം അനുവദനീയമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 5 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് സന്ദര്‍ശനത്തുക.

കന്യാകുമാരിയിലെ ചരിത്ര ഹാള്‍

Hiostory

കന്യാകുമാരി റെയില്‍വെ സ്റ്റേഷനുസമീപം സ്ഥിതിചെയ്യുന്ന ചരിത്രപരമായ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കെട്ടിടമാണ് കുമാരി ഹാള്‍ ഓഫ് ഹിസ്റ്ററി. ചരിത്രാത്ഭുതങ്ങള്‍, ഗാന്ധിജിയുടെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ മറ്റു സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ കന്യാകുമാരിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതും മറ്റുമായി 300ലധികം ചരിത്രകലകളുടെ ഭവനമാണിവിടം. സന്ദര്‍ശകര്‍ക്ക് ഇവിടെനിന്നും കൗതുകകരമായ പല കരകൗശലവസ്തുക്കളും ഇവിടെനിന്നും വാങ്ങുവാന്‍ സാധിക്കുന്നതാണ്.

ഹിലോക്ക് ജൈനക്ഷേത്രം

Hilock

മാര്‍ത്താണ്ഡത്തുനിന്നും ഏഴ് കിലോമീറ്റര്‍ അകലെയായി ചിതറല്‍ എന്ന ചെറുഗ്രാമത്തിലാണ് ഹിലോക്ക് ജൈനക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാധനകാലത്ത് കല്ല് വെട്ടി നിര്‍മ്മിക്കപ്പെട്ട ഒരു ജൈനദേവാലയമാണിത്. ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിചതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. പിന്നീട് പതിമുന്നാം നൂറ്റാണ്ടില്‍ ഭഗവതിക്ഷേത്രമായി പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. തിര്‍ത്താങ്കരന്മാരുടെയും മറ്റു ജലദേവതകളുടെയും മനോഹരമായ കല്ലില്‍ കൊത്തിയ ശില്പങ്ങള്‍ ഇവിടത്തെ പ്രധാന കാഴ്ചകളാണ്.

തെങ്ങാപട്ടണം ബീച്ച്

Thengapattanam

നാഗര്‍കോവിലില്‍ നിന്നും 35 കി.മി. മാറി പൈങ്കുളം ഗ്രാമത്തിലെ പടിഞ്ഞാറന്‍ തീരപ്രദേശമാണ് തേങ്ങാപട്ടണം. മനോഹരമായ തെങ്ങുംത്തോപ്പുകളാല്‍ നിറഞ്ഞ കടല്‍ത്തീരമാണിത്. പ്രാചീനകാലത്ത് കൊപ്ര, ഉണക്കമീന്‍, കയര്‍, സ്രാവിന്‍ ചിറക് തുടങ്ങിയ ഉത്പന്നങ്ങള്‍ വ്യാപാരം നടത്തിയിരുന്ന പ്രദേശമായിരുന്നു തെങ്ങാപട്ടണം.
താമരഭരണി ശുദ്ധജലതടാകം ഈ സ്ഥലത്തുവെച്ചാണ് കടലില്‍ വന്നുചേരുന്നത്. ഇവിടെക്കൂടിയുള്ള ബോട്ടുയാത്ര വേറിട്ട് ഒരനുഭൂതി പ്രധാനം ചെയ്യുന്നു.

നാഗരാജ ക്ഷേത്രം, നാഗര്‍കോവില്‍

Nagaraja

നാഗര്‍കോവിലിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് നാഗരാജ ക്ഷേത്രം. നാഗര്‍കോവില്‍ എന്ന പേരു ഈ സ്ഥലത്തിനു ലഭിച്ചത് തന്നെ നാഗരാജക്ഷേത്രം ഇവിടെയുള്ളതിനാലാണ്. ഭാരതത്തിലെ നാല് മതവിശ്വാസങ്ങളുടെ സംഗമമാണ് നാഗരാജക്ഷേത്രത്തില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുക. നാഗരാജാവിനു പുറമെ ശിവനും അനന്തകൃഷ്ണനും ഇവിടത്തെ പ്രതിഷ്ഠയാണ്. കൂടാതെ ഉള്‍മണ്ഡപത്തൂണുകളില്‍ ജൈനമതവുമായി ബന്ധപ്പെട്ട തീര്‍ത്ഥങ്കരന്മാര്‍ പര്‍സാവന്ത് മഹാവീര എന്നിവരുടെയും ശിലപങ്ങള്‍ കൊത്തിയിട്ടുണ്ട്. മഹാമെരുമാളിക എന്നറിയപ്പെടുന്ന നാഗരാജക്ഷേത്രത്തിന്റെ കവാടം നിര്‍മ്മിച്ചിരിക്കുന്നത് ബുദ്ധദേവാലയങ്ങളുടെ ശൈലിയിലാകുന്നു.

മണ്ടയ്ക്കാട് ഭഗവതിക്ഷേത്രം

Mandaikkadu

കൊളച്ചല്‍ തുറമുഖത്തിന് വടക്കുകിഴക്കായി ഒരു സമുദ്രതീരത്താണ് മണ്ടയ്ക്കാട് ഭഗവതിക്ഷേത്രം നിലകൊള്ളുന്നത്. നാഗര്‍കോവിലിന്‍ നിന്നും 22 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 12 അടി ഉയരത്തില്‍ അന്തില്‍ അവതാരത്തിലാണ് ഇവിടത്തെ ഭഗവതി പ്രതിഷ്ഠ. അഞ്ച് കരങ്ങളുള്ള പ്രതിഷ്ഠയ്ക്ക് വളര്‍ച്ചയുണ്ട് എന്ന വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ശംഖുതുറൈ ബീച്ച്

Sanguthurai Beach

നാഗര്‍കോവിലിലെ രാജക്കമംഗലത്ത് സ്ഥിതിചെയ്യുന്ന കടലും കരയും ഒന്നിക്കുന്ന സുന്ദര തീരമാണ് ശംഖുതുറൈ. നാഗര്‍കോവിലില്‍ നിന്നും 13 കിലോമീറ്റര്‍ പടിഞ്ഞാറന്‍ തീരദേശറോഡ് വഴി സഞ്ചരിച്ചാല്‍ ശംഖുതുറൈ ബീച്ചില്‍ എത്തിച്ചേരാവുന്നതാണ്.

കാളികേശം വനം

Kalakesam

കന്യാകുമാരി ജില്ലയിലെ സുന്ദരപ്രകൃതിദൃശ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന വനപ്രദേശമാണ് കാളികേശം. ഇവിടത്തെ കാളിക്ഷേത്രം തീര്‍ത്ഥാടകരുടേയും സഞ്ചാരികളുടെയും മുഖ്യാകര്‍ഷണങ്ങളില്‍ പെടുന്നു. കൂടാതെ കാട്ടിലൂടെ ഒഴുകുന്ന പാറകള്‍ നിറഞ്ഞ അരുവിയും ഇവിടെയുണ്ട്. തെളിഞ്ഞ വെള്ളമുള്ള അരുവി ഔഷധഗുണവും നല്‍കുന്നു.

മുരുകന്‍ ക്ഷേത്രം

Murugan

തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ ഭരണകേന്ദ്രമായിരുന്ന പദ്മനാഭപുരത്തെ വേളി താഴ്‌വരയിലാണ് മുരുകന്‍ ക്ഷേത്രം. ഉയരത്തില്‍ നില്‍ക്കുന്നതുകൊണ്ട്തന്നെ മൈലുകള്‍ക്കപ്പുറത്തുനിന്നും ക്ഷേത്രം കാണാന്‍ കഴിയുന്നു എന്ന പ്രത്യേകതയും ഉണ്ട്. മുരുഗന്‍വല്ലി വിവാഹം ഇവിടെയാണ് നടന്നതെന്നും വിശ്വസിക്കുന്നു. അതിനാല്‍ വേളിമല, മണമല, കല്യാണമല എന്ന പേരുകളിലും ഇവിടെ അറിയപ്പെടുന്നു.