ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയാകും

single-img
9 September 2017
മസ്‌കത്ത്: ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയാകും. ഓസ്ട്രിയന്‍ സ്‌പേസ് ഫോറത്തിന്റെ കീഴില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദോഫാറിലാണ് എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം നടക്കുന്നത്. ഒമാന്‍ നാഷനല്‍ സ്റ്റിയറിങ് കമ്മിറ്റിയുടെ കൂടി സഹകരണത്തോടെയാണ് ഇത് നടക്കുക. ചൊവ്വക്ക് സമാനമായ ഭൂപ്രകൃതിയുള്ള ദോഫാറിന്റെ ഭാഗങ്ങളില്‍ നടക്കുന്ന പരീക്ഷണം വിജയിച്ചാല്‍ ഭാവിയിലെ ചൊവ്വയിലേക്കുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ വേദിയായേക്കും.
ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഫെബ്രുവരിയില്‍ നടത്തുകയെന്ന് ഓസ്ട്രിയന്‍ സ്‌പേസ് ഫോറവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനീയറിങ്, പ്ലാനറ്ററി സര്‍ഫസ് ഓപറേഷന്‍, ആസ്‌ട്രോ ബയോളജി, ജിയോ ഫിസിക്‌സ്/ജിയോളജി, ലൈഫ് സയന്‍സ് എന്നീ മേഖലകളിലാണ് പരിശോധനകള്‍ നടക്കുക.
റോവറുകള്‍, ഡ്രോണ്‍ എന്നിവ ഉപയോഗിക്കും. കൊണ്ടു നടക്കാവുന്നതും ഊതിവീര്‍പ്പിക്കാവുന്നതുമായ ഗ്രീന്‍ഹൗസുകള്‍ ഉപയോഗിച്ച് ഹൈഡ്രോപോണിക്‌സ് രീതിയില്‍ ഭക്ഷ്യയോഗ്യമായ ചെറു സസ്യങ്ങള്‍ വളര്‍ത്തിയെടുക്കല്‍, ജലം കണ്ടെത്തല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ നടക്കും. ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ ക്ഷീണം വിലയിരുത്തലുമുണ്ടാകും. സമാനസാഹചര്യത്തിലുള്ള അന്തരീക്ഷത്തില്‍ നടക്കുന്ന ഫീല്‍ഡ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തന പരിചയം നേടുന്നതിനും മറ്റ് ഗ്രഹങ്ങളിലെ റിമോട്ട് സയന്‍സ് ഓപറേഷനുമായി ബന്ധപ്പെട്ട നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാനും സഹായകരമാകുമെന്ന് ഓസ്ട്രിയന്‍ സ്‌പേസ് ഫോറവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദോഫാറിലെ മരുഭൂമികള്‍ക്ക് ചൊവ്വയുടെ ഉപരിതലവുമായി നിരവധി സാമ്യതകളുണ്ട്. 66 മുതല്‍ 33.6 ദശലക്ഷം വര്‍ഷം വരെ പഴക്കമുള്ള എക്കല്‍ രൂപങ്ങള്‍, പുരാതനമായ നദീത്തടങ്ങള്‍ എന്നിവ ഉദാഹരണം. പ്രാഥമിക പരിശോധനയില്‍ ഗവേഷണത്തിന് അനുയോജ്യമായ മണലും പാറകളും നിറഞ്ഞ ഉപരിതലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഓസ്ട്രിയന്‍ സ്‌പേസ് ഫോറം അധികൃതര്‍ പറഞ്ഞു. നാല് ആഴ്ച നീളുന്ന പരീക്ഷണത്തിന് ആസ്‌ട്രേലിയയിലെ വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റി, ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സി തുടങ്ങി നിരവധി ഏജന്‍സികളുടെ പിന്തുണയുണ്ട്. ഒമാന്‍ മരുഭൂമിയില്‍ നടക്കുന്ന 13ാമത് അനലോഗ് മിഷന് മുന്നോടിയായി നൂതനമായ നിരവധി പരീക്ഷണ നിര്‍ദേശങ്ങളും ലഭിച്ചതായി ഓസ്ട്രിയന്‍ സ്‌പേസ് ഫോറം പ്രസിഡന്റും മിഷന്‍ ഫീല്‍ഡ് കമാന്‍ഡറുമായ ഡോ. ജെര്‍നോട്ട് ഗ്രോമര്‍ പറഞ്ഞു.