എഴുത്തുകാര്‍ക്കും യുക്തിവാദികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് നിര്‍ദേശം; ജ്ഞാനപീഠപുരസ്കാര ജേതാവ് ഗിരീഷ് കര്‍ണാഡും പോലീസ് സുരക്ഷയിൽ

single-img
9 September 2017


ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ എഴുത്തുകാര്‍ക്കും യുക്തിവാദികള്‍ക്കും പുരോഗമന ചിന്താഗതിക്കാർക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇന്റലിജന്‍സ് നിര്‍ദേശം.ഇതിനെ തുടർന്ന് കര്‍ണാടകയിലെ 18 എഴുത്തുകാര്‍ക്കും യുക്തിവാദികള്‍ക്കും സുരക്ഷ ഏർപ്പെടുത്തി. ഗിരീഷ് കര്‍ണാഡ്, ബറാഗുര്‍ രാമചന്ദ്രപ്പ, പാട്ടീല്‍ പുത്തപ്പ, ചെന്നവീര കനവി തുടങ്ങിയവര്‍ക്കാണു സുരക്ഷ ഏർപ്പെടുത്തിയത്.സുരക്ഷ ഭീഷണി നേരിടുന്നവര്‍ക്ക് ഗണ്‍മാനെ വിട്ടു നല്‍കുമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതിയാണു 55 -കാരിയായ ഗൌരി ലങ്കേഷിന്റെ അവരുടെ വസതിയുടെ മുന്നിൽ വെച്ച് അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൌരി ലങ്കേഷിനെ വധിച്ചതിനു പിന്നിൽ സംഘപരിവാർ അനുകൂല തീവ്രവാദ സംഘടനകളാണെന്ന് ആരോപിക്കപ്പെടുന്നു.നരേന്ദ്ര ധാബോല്‍ക്കറും, കലബുര്‍ഗിയും സമാനമായ രീതിയില്‍ ഭീഷണി കത്തുകള്‍ ലഭിച്ചതിന് ശേഷമാണ് കൊല്ലപ്പെടുന്നത്.

അതിനിടെ മാധ്യമപ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ സ്ഥിതിഗതികളുടെ പ്രാഥമിക റിപ്പോർട്ട് കർണ്ണാടക സർക്കാർ കേന്ദ്ര ആഭ്യന്ത്രമന്ത്രലായത്തിനു സമർപ്പിച്ചു. ദേശീയതലത്തിൽ വിവാദമുണ്ടാക്കിയ കൊലപാതകത്തിന്റെ വിശദവിവരങ്ങളും പോലീസ് സ്വീകരിച്ച പ്രാഥമിക നടപടികളും വിശദീകരിക്കുന്ന റിപ്പോർട്ടാണു കർണ്ണാടക സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രത്തിനു സമർപ്പിച്ചത്.

ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാൻ കർണ്ണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.