കാരണം അതിർത്തി തർക്കമെന്ന് കേന്ദ്രം;കടകംപള്ളിയുടെ ചൈനാ യാത്ര തടഞ്ഞതിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിശദീകരണം

single-img
9 September 2017

ന്യൂഡൽഹി: ചൈനയിലെ ഷിങ്ഡുവിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ നയതന്ത്ര പാസ്പോർട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രം. ചൈനയുമായുളള ബന്ധം വഷളായതാണ് കടകം പളളിക്ക് യാത്രാ അനുമതി നല്‍കാത്തതിന് കാരണമെന്നും കേന്ദ്രം അറിയിച്ചു.

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തിന് ചൈനയിലേക്ക് പോകാനാനാണ് ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ അനുമതി തേടിയത്. ഇതിന് കാരണങ്ങള്‍ വിശദമാക്കാതെ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാന മന്ത്രിക്ക് അനുമതി നിഷേധിച്ചത് നിരാശാജനകമാണെന്നും മുഖ്യമന്ത്രി മോദിക്കുള്ള കത്തിൽ പറഞ്ഞിരുന്നു.

സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്.