കഴുത്തു വേദനയെ ഒറ്റദിവസം കൊണ്ട് ഓടിക്കാം; തള്ളവിരല്‍ കൊണ്ട്..

single-img
9 September 2017

കഴുത്തു വേദനകൊണ്ട് പൊറുതിമുട്ടുന്ന സമൂഹമാണ് നമ്മുടേത്. സ്വകാര്യവാഹനങ്ങളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ കഴുത്തുവേദനമൂലം കഷ്ടപ്പെടുന്നവരുടെ എണ്ണവും നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഉറങ്ങിയെണീക്കുമ്പോള്‍ കഴുത്ത് വേദന വരാറുള്ളവര്‍ വളരെ കൂടുതലാണ്.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍പോലെ കഴുത്തുവേദനയും ഒരു ജീവിതശൈലീ രോഗമായി മാറിക്കഴിഞ്ഞു. ഓഫിസിലും വീട്ടിലുമായി ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവരിലും വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവരിലും കഴുത്തുവേദന സാധാരണമാണ്. ജോലിയുമായി ബന്ധപ്പെട്ടത്, ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ മൂലം പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാവുന്ന കേടുപാട്, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്നങ്ങള്‍, പ്രായാധിക്യം മൂലം അസ്ഥികള്‍ക്കുണ്ടാവുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്) തുടങ്ങി കഴുത്തുവേദനക്ക് നിരവധി കാരണങ്ങളുണ്ട്. കഴുത്ത് ശരിയായ രീതിയില്‍ വെക്കാതെ വായിക്കുകയും എഴുതുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്നതുമൂലമാണ് അടുത്തകാലത്തായി കൂടുതലായി ഈ രോഗം പൊതുവെ കണ്ടുവരുന്നത്. കമ്പ്യൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും ഈ പ്രശ്നമുണ്ട്. കഴുത്ത് തെറ്റായരീതിയില്‍ അധികസമയം ഒരേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടാണിത്.

എഴുതുമ്പോഴും വായിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും കുനിഞ്ഞിരിക്കുന്നത് തെറ്റായ രീതിയാണ്. പക്ഷേ, ഭൂരിപക്ഷം പേരും വായിക്കുമ്പോള്‍ കുനിഞ്ഞിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഉയര്‍ത്തിവെച്ച തലയിണയില്‍ തലവെച്ച് കിടന്ന് വായിക്കുന്നവരുടെ കഴുത്തും കുനിഞ്ഞിരുന്ന് വായിക്കുന്നതിന് തുല്യമാണ്. കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ശരിയായ ലെവലില്‍ അല്ലെങ്കിലും കഴുത്തിന്റെ സ്വാഭാവിക അവസ്ഥക്ക് കോട്ടംതട്ടും. ഈ അവസ്ഥ ദീര്‍ഘകാലം തുടരുന്നവരുടെ കഴുത്തിന്റെ പേശികള്‍ക്ക് അമിതമായ ആയാസമുണ്ടാക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ക്രമേണ കഴുത്തിലെ പേശികളില്‍ വേദനയുണ്ടാക്കുന്ന ഭാഗങ്ങള്‍ രൂപപ്പെടുന്നു. പേശികള്‍ക്ക് ആവശ്യത്തിന് വ്യായാമം ലഭിച്ചില്ലെങ്കില്‍ അവയുടെ ശക്തി കുറയുകയും ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.

ഈ രീതിയില്‍ കണ്ടുവരുന്ന വേദനകള്‍ക്ക് അസ്ഥികളുമായി ബന്ധമൊന്നുമുണ്ടായിരിക്കില്ല. എക്സ്റേയിലും സ്‌കാനിങ്ങിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും പ്രകടമാവുകയുമില്ല. കഴുത്തിലെ ചില ബിന്ദുക്കളില്‍ തൊടുമ്പോഴും കഴുത്ത് പ്രത്യേക ദിശയിലേക്ക് തിരിക്കുമ്പോഴുണ്ടാകുന്ന വേദനയുമാണ് തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സാധാരണ കണ്ടുവരുന്നത്.

പരിക്കുമൂലവും നട്ടെല്ലിലെ ഡിസ്‌കിന്റെ സ്ഥാനചലനം/തേയ്മാനം മൂലവും പ്രായാധിക്യം മൂലവുമുള്ള കഴുത്തുവേദനക്ക് എക്സ്റേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകളിലൂടെയാണ് ചികിത്സ നിശ്ചയിക്കുക. കിടന്നുകൊണ്ട് വായിക്കുന്നതും ടെലിവിഷന്‍ കാണുന്നതും കഴുത്തുവേദനക്ക് ഒരു പ്രധാന കാരണമാണ്. തലയിണയും ഇവിടെ വില്ലന്റെ റോളിലാണ്. ഉയരം കൂടിയ തലയിണ ഉപയോഗിക്കുന്നതും ഒന്നിലധികം തലയിണകള്‍ ഉപയോഗിക്കുന്നതും നമ്മുടെ വീടുകളില്‍ സാധാരണമാണ്. ഇത് തികച്ചും അശാസ്ത്രീയമായ രീതിയാണ്. തലയിണ കഴുത്തിന് താങ്ങുനല്‍കാനാണ് ഉപയോഗിക്കേണ്ടത്. മറിച്ച് ഉയരമുള്ള തലയിണ തലക്കു പിറകില്‍ വെക്കുന്നത് കഴുത്തുവേദനയുണ്ടാക്കും.

ചികിത്സയുടെ ഭാഗമായി നല്‍കുന്ന പേശികളുടെ സങ്കോചം കുറക്കാനുള്ള മരുന്നുകള്‍, വേദനയുള്ള ഭാഗത്ത് ചൂടുപിടിപ്പിക്കല്‍, വേദന സംഹാരികള്‍ തുടങ്ങിയവ പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ഉപകരിക്കും. എന്നാല്‍ ഫിസിയോതെറപ്പി, പ്രത്യേക രീതിയിലുള്ള വ്യായാമം എന്നിവ കൂടുതല്‍ ഗുണംചെയ്യും. അപൂര്‍വ അവസരങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം.
ചില മുന്‍കരുതലുകള്‍

1. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കുറയ്ക്കുക. കണ്ണുകള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിനുനേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിലവില്‍ അധികപേരും മോണിറ്ററിനനുസരിച്ച് കുനിഞ്ഞിരുന്ന് ജോലിചെയ്യുന്നവരാണ്. ഈ ശീലം നിര്‍ബന്ധമായും മാറ്റുക.

2. കുനിഞ്ഞിരിക്കാതെ എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശീലിക്കുക. വായിക്കുമ്പോഴും കുനിഞ്ഞിരിപ്പ് ഒഴിവാക്കുക.

3.ഒരേ ഇരിപ്പില്‍ അധികസമയം തുടരാതിരിക്കുക. ദീര്‍ഘനേരം ജോലിചെയ്യേണ്ടി വരുമ്പോള്‍ ഇടക്കിടക്ക് (ചുരുങ്ങിയത് ഓരോ മണിക്കൂറിലും) എഴുന്നേറ്റ് നടക്കുകയും കഴിയുമെങ്കില്‍ കഴുത്തിന് ലഘുവായ വ്യായാമം നല്‍കുകയും ചെയ്യുക.

4. ഉയരം കുറഞ്ഞ തലയിണ കിടക്കുമ്പോള്‍ മാത്രം കഴുത്തിന് താങ്ങുനല്‍കുന്ന രീതിയില്‍ ഉപയോഗിക്കുക.

5.ജോലികള്‍ക്കിടയില്‍ അല്‍പം വിശ്രമം നല്‍കുക.

ജോലിക്കിടയില്‍ കഴുത്തിനും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദീര്‍ഘനേരം സംസാരിക്കുന്ന രീതിയും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്. ഇതും കഴുത്തുവേദനക്ക് കാരണമാവും.

വിരലുകള്‍ കൊണ്ട് അമര്‍ത്തി നമുക്ക് ഒരു ദിവസം കൊണ്ടുതന്നെ കഴുത്ത് വേദന മാറ്റാന്‍ കഴിയും. കഴുത്തിലെ രണ്ടാമത്തെ മടക്കിന് മുകള്‍ ഭാഗത്ത് (ആദ്യത്തെ മടക്കിന് താഴെ) കഴുത്തിന്റെ റിഫ്ളക്സ് പോയന്റാണ്. അവിടെ തള്ളവിരല്‍ കൊണ്ടും നഖംകൊണ്ടും രണ്ട് മിനിറ്റ് നേരം അക്യു എടുക്കണം. രണ്ട് തള്ളവിരലുകള്‍ ഉപയോഗിച്ചും ഇത് ചെയ്യുക. എവിടെയാണ് വേദന തോന്നുന്നത് അവിടെ കൂടുതല്‍ നേരം അമര്‍ത്തണം.