ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ, ഡിഎ കൈപ്പറ്റിയത് കേരള എംപിമാര്‍: ധൂര്‍ത്തെന്ന് ടെംസ് നൗ ചാനല്‍

single-img
8 September 2017

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ, ഡിഎ കൈപ്പറ്റിയത് കേരള എംപിമാര്‍. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ ടിഎ, ഡിഎ ഇനത്തില്‍ ഒരു വര്‍ഷം ചെലഴിച്ചത് 95 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ടൈംസ് നൗ ചാനലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ടിഎ,ഡിഎ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരുടെ വിവരങ്ങളാണ് വിവരാവകാശ രേഖ സഹിതം ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. എ.സമ്പത്ത്, പി.കെ.ശ്രീമതി, കെ.സി.വേണുഗോപാല്‍, കെ.വി.തോമസ്, എം.ബി.രാജേഷ്, എന്നിവര്‍ 30 ലക്ഷത്തിലധികമാണ് ഈ ഇനത്തില്‍ ചെലവഴിച്ചത്. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

യാത്രാപ്പടി ഇനത്തില്‍ വലിയ തുകയാണ് ഈ പത്ത് എംപിമാര്‍ ചെലവാക്കിയത്. ഇവരില്‍ മൂന്നു പേര്‍ സി.പി.എം അംഗങ്ങളാണ്. ആറ്റിങ്ങല്‍ എം.പി എ.സമ്പത്താണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്. 38,19,300 രൂപ. തൊട്ടുപിന്നില്‍ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി പി.കെ ശ്രീമതിയുണ്ട്. 32,48,739 രൂപ. ദേശീയ ചാനല്‍ ചര്‍ച്ചകളിലെ സി.പി.എം മുഖം എം.ബി രാജേഷ് 30,27,268 രൂപ എഴുതിയെടുത്തിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധികളും പിന്നിലല്ല. ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ 32,12,771 രൂപ കൈപ്പറ്റിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ എറണാകുളം എം.പി കെ.വി തോമസ് 31,34,607 രൂപ വാങ്ങി. രാജ്യസഭയില്‍ നിന്നുള്ള കണക്കുകള്‍ എടുത്താലും കേരള എം.പിമാര്‍ ഒട്ടുംപിന്നിലല്ല. സി.പി.എമ്മിലെ ഇ. നാരായണന്‍ 58,24,502 രൂപയും കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോയ് ഏബ്രഹാം 47,03,278 രൂപയും എഴുതിയെടുത്തു.

രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത് ആഡംബര ജീവിതത്തിന്റെ പേരില്‍ സി.പി.എം നടപടി സ്വീകരിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് ഋതബ്രതാ ബാനര്‍ജിയാണ്. 69 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ടി.എ. ലോക്‌സഭയില്‍ ഏറ്റവുമധികം തുക എഴുതിയെടുക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധയാണ്. കെ.ഗോപാല്‍ 57 ലക്ഷം കൈപ്പറ്റിയപ്പോള്‍ പി.കുമാര്‍ 44 ലക്ഷം കൈപ്പറ്റി. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റില്‍ നിന്നുള്ള ബിഷ്ണു പഡ റേ 41 ലക്ഷവും പോക്കറ്റിലാക്കി.

പാര്‍ലമെന്റ് സമ്മേളനം മുന്‍കൂട്ടി അറിഞ്ഞിട്ടും അവസാന നിമിഷത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ എടുത്താണ് ഈ എംപിമാര്‍ യാത്ര ചെയ്തിരിക്കുന്നത്. ലോക്‌സഭാ സമ്മേളനങ്ങള്‍ നേരത്തെ തന്നെ നിശ്ചയിക്കുന്നതായതിനാല്‍ തന്നെ വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാവുന്നതാണ്. എന്നാല്‍ അത് ചെയ്യാതെയാണ് എംപിമാര്‍ അവസാന നിമിഷത്തില്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ എടുക്കുന്നതെന്നാണ് ടൈംസ് നൗ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുന്നത്.