ബാബാരാംദേവിന്റെ ച്യവനപ്രാശത്തിന്റെ പരസ്യത്തിനും വിലക്ക്

single-img
8 September 2017

ഡല്‍ഹി: ബാബാരാംദേവിന്റെ പതഞ്ജലി സോപ്പുകള്‍ക്കു പിന്നാലെ ച്യവനപ്രാശത്തിന്റെ പരസ്യത്തിനും ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ഇന്ത്യയുടെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളായ ഡാബര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബര്‍ 26ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരസ്യം ഒഴിവാക്കണമെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യം തങ്ങളുടെ പരസ്യത്തിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാബര്‍ കോടതിയെ സമീപിച്ചത്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യമാണ് പതജ്ഞലിയുടേതെന്നാണ് ഡാബര്‍ ഇന്ത്യ ആരോപിക്കുന്നത്.

നേരത്തെ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു. കോടതിയുടെ സിംഗിള്‍ ബെഞ്ച് ഡാബറിന്റെ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇതിന് മുന്‍പ് ഗുണനിലവാരമില്ലെന്ന് വ്യക്തമായതോടെ പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. പതഞ്ജലിയുടെ ആറ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്. പതഞ്ജലിയുടെ ഉത്പന്നങ്ങളില്‍ നാല്‍പത് ശതമാനവും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ പുറത്തുവന്നിരുന്നു.