“കള്ളപ്പണം വെളുപ്പിക്കാന്‍ നോട്ട് നിരോധനത്തെ മറയാക്കി; റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യതയും വരുത്തി”

single-img
8 September 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. നിരോധിച്ച നോട്ടില്‍ 99 ശതമാനവും തിരിച്ചു വന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.

അതിനര്‍ത്ഥം കള്ളപ്പണം വെളുപ്പിക്കാന്‍ നോട്ട് നിരോധനത്തെ മറയാക്കിയെന്ന് രഘുറാം രാജന്‍ പറഞ്ഞു. ബാങ്കില്‍ തിരികെയെത്തിയ തുകയ്ക്ക് പലിശ നല്‍കേണ്ടി വരുന്നതിലൂടെ റിസര്‍വ് ബാങ്കിന് പ്രതിവര്‍ഷം 24,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആളുകള്‍ പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണത്തിന് പലിശ നല്‍കേണ്ട ബാധ്യത ബാങ്കിന് ഇല്ലായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിലൂടെ ആ പണം ബാങ്കുകളില്‍ തിരികെ എത്തുകയും അവ നിയമവിധേയ നിക്ഷേപം ആകുകയും ചെയ്തതോടെ അതിന് പലിശ നല്‍കേണ്ട ബാധ്യത കൂടി നോട്ട് നിരോധനം മൂലം ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിമുഖത്തിലായിരുന്നു രാജന്റെ പ്രതികരണം. കള്ളപ്പണം തുടച്ചു നീക്കുന്നതിന് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചത്. അന്ന് പ്രചാരത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം നോട്ട് (15.46 ലക്ഷം കോടി രൂപ) ആണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

നിരോധിച്ച നോട്ടുകളില്‍ മുന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണെന്നും ഇത് തിരിച്ചു വരില്ലെന്നും അതിലൂടെ റിസര്‍വ് ബാങ്കിന്റെ ബാധ്യത കുറയ്ക്കാനും ലാഭം ഉയര്‍ത്താനും കഴിയുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ നിരോധിച്ച നോട്ടില്‍ 99 ശതമാനവും തിരിച്ചു വന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുകയായിരുന്നു.