നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍

single-img
8 September 2017

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ നാദിര്‍ഷായുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറയിക്കും. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് നാദിര്‍ഷ ജാമ്യാപേക്ഷയില്‍ പറയുന്നത്.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. പ്രോസിക്യൂഷന് അനുകൂലമാകുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ശ്രമം. നേരത്തേ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകളോളം എന്നെ ചോദ്യം ചെയ്തു.

അപ്പോഴെല്ലാം ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നു. എനിക്കറിയാവുന്നതെല്ലാം നേരത്തേ പൊലീസിനോട് പറഞ്ഞിട്ടുള്ളതാണ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു.

അതേസമയം നാദിര്‍ഷ തെളിവ് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന തുടര്‍സംഭവങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

നേരത്തേ ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പലതും കളവാണെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിനായി നാദിര്‍ഷ കൂട്ടുനിന്നതായും, പൊലീസ് കരുതുന്നു.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷായുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് പിടികൂടിയ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്.

കേസിന്റെ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിനൊപ്പം നാദിര്‍ഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്.

ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു. രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്.

ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ പുനലൂരില്‍ ഒളിവില്‍ കഴിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നാദിര്‍ഷ ചെയ്തത്.