മലക്കം മറിഞ്ഞ് അല്‍ഫോന്‍സ് കണ്ണന്താനം: ‘ബീഫ് കഴിക്കേണ്ടവര്‍ സ്വന്തം നാട്ടില്‍ നിന്നും കഴിച്ചിട്ട് വന്നാല്‍ മതി’

single-img
8 September 2017

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം.

എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതിന് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന പൊതു ചടങ്ങില്‍ ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്ന കണ്ണന്താനത്തിന്റെ മറുപടി. ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ തിരുത്തല്‍

ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് – കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് യഥേഷ്ടം കഴിക്കുമ്പോള്‍, കേരളത്തില്‍ എന്തു പ്രശ്‌നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു.

രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും അതിനു തയാറാകാത്ത എട്ടു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ അതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ഈ സാഹചര്യത്തിലാണ് ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന.