തിരുവനന്തപുരത്തെ ഹോട്ടലില്‍ ഒരാഴ്ച ജോലി ചെയ്ത ശേഷം മുങ്ങി: പിന്നീട് തിരിച്ചെത്തിയത് കോടീശ്വരനായി: പഴയ ക്ലീനിംഗ് ബോയിയെ കണ്ട ജീവനക്കാര്‍ ഞെട്ടി

single-img
8 September 2017

തിരുവനന്തപുരം: ഹോട്ടലില്‍ ക്ലീനിങിനു നിന്ന ഹിന്ദിക്കാരന്‍ പയ്യന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറില്‍ വന്നിറങ്ങിയപ്പോള്‍ ഹോട്ടല്‍ മുതലാളിക്കും ജീവനക്കാര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. കാറില്‍ നിന്നിറങ്ങി വന്ന് വിലകൂടിയ വജ്രങ്ങളും വാച്ചുകളും യുവാവ് സമ്മാനമായി നല്‍കിയതോടെ എല്ലാവരും ശരിക്കും ഞെട്ടി. തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമുണ്ടായത്.

മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ക്ലീനിങ് ജോലി ചെയ്ത ധ്രുവ് എന്ന 18കാരനാണ്
ഇത്തവണയും ഏവരെയും ഞെട്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് ജോലി അന്വേഷിച്ച് ധ്രുവ് ഹോട്ടല്‍ നടത്തുന്ന ചെറുപ്പക്കാരെ സമീപിച്ചത്.

ആദ്യം ഒഴിവാക്കിയെങ്കിലും മറ്റൊരാളുടെ ശുപാര്‍ശയോടെ ജോലിക്ക് കയറുകയായിരുന്നു. ക്ലീനിങ് ആന്റ് സപ്ലെ വിഭാഗത്തില്‍ ജോലി ചെയ്ത ഒരാഴ്ച എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു അയാളുടേത്. ജോലിയോട് കാട്ടിയ ആത്മാര്‍ത്ഥതയുടെ പേരില്‍ ആദ്യ ദിവസം തന്നെ അയാള്‍ മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലെ വിനോദ സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചുള്ള അയാളുടെ ജ്ഞാനം ദുരൂഹത നിറഞ്ഞ ഈ അജ്ഞാതന്‍ ആരാണെന്ന സംശയം ജോലി വാങ്ങിനല്‍കിയ അല്‍ അമീന്‍ രാജയ്ക്കുമുണ്ടായി. എന്നാല്‍ കൃത്യം ഏഴുദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയ്ക്ക് സുഖമില്ലെന്നും ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞ് ധ്രുവ് സ്ഥലംവിട്ടു.

ഓണത്തിരക്കില്‍ വീണ്ടും ബന്ധപ്പെട്ടെങ്കിലും ലഭിക്കാതിരുന്നപ്പോള്‍ അയാളെ മറക്കുകയായിരുന്നെന്ന് അല്‍ അമീന്‍ പറഞ്ഞു. പിന്നീട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തങ്ങളെ വിളിച്ച് കാണാനാകുമോ എന്ന് അന്വേഷിക്കുന്നത്. മൂന്ന് ആഢംബര കാറുകളിലായാണ് ധ്രുവും സംഘവും റെസ്റ്റോറന്റിലെത്തിയത്.

ആഢംബര കാറില്‍ വന്നിറങ്ങിയ ക്ലീനിങ് ജോലിക്കാരനെ കണ്ട് ഹോട്ടലുടമകളും ജീവനക്കാരും ഞെട്ടിത്തരിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രങ്ങളും വാച്ചുകളും പേനകളും കൂടാതെ പണവും ധ്രുവ് എല്ലാവര്‍ക്കും സമ്മാനമായി നല്‍കി. സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രത്‌നവ്യാപാരികളുടെ കുടുംബത്തിലെ ഇളമുറക്കാരനാണ് ധ്രുവ്.

എംബിഎ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റു ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഹോട്ടല്‍ ജീവിതം. മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു. കുടുംബത്തിലെ ചെറുപ്പക്കാര്‍ തിരുവനന്തപുരം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങളിലാണ് ഹോട്ടല്‍ ജോലി ചെയ്തിരുന്നത്. ഇവരെ ഹോട്ടല്‍ ജോലിക്കയച്ച കാര്യം കുടുംബത്തിലെ സ്ത്രീകളെ അറിയിച്ചിരുന്നില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയിരിക്കുകയാണെന്നാണ് സ്ത്രീകളോട് പറഞ്ഞിരുന്നത്.

കടപ്പാട്: മാതൃഭൂമി