ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോദി തയ്യാറാകണമെന്ന് ന്യുയോര്‍ക്ക് ടൈംസ്

single-img
8 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങള്‍ കാണേണ്ടി വരുമെന്ന് ന്യുയോര്‍ക്ക് ടൈംസ്. ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് ന്യുയോര്‍ക്ക് ടൈംസിന്റെ രൂക്ഷ വിമര്‍ശനം.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോദി അപലപിക്കണമെന്നും ഹിന്ദുത്വവാദികളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയണമെന്നും പറയുന്ന ലേഖനത്തില്‍ ഇല്ലെങ്കില്‍ വിമര്‍ശകര്‍ക്ക് പ്രതികാരം ഭയന്ന് ജീവിക്കേണ്ടി വരുമെന്നും ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട നാളുകള്‍ കാണുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട നീതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി അനുകൂല അന്തരീക്ഷം ഒരുക്കിയിരിക്കുകയാണെന്നും പത്രം വിമര്‍ശിക്കുന്നു.

മതേതരവാദികളെ അധിക്ഷേപിക്കുന്ന തന്റെ വലതുപക്ഷ അനുയായികളിലൂടെ ആള്‍ക്കൂട്ട ഭരണം നടപ്പിലാക്കാനുള്ള അന്തരീക്ഷം നരേന്ദ്ര മോദി സൃഷ്ടിച്ചിരിക്കുകയാണ്. പ്രസ്റ്റിറ്റിയുട്ടുകള്‍ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ സൃഷ്ടിക്കുന്ന വിദ്വേഷം തീര്‍ത്തും ദോഷകരമാണെന്നും ന്യുയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.