പരിഭവങ്ങള്‍ക്ക് വിട നല്‍കി ബി.ജെ.പി നേതാക്കള്‍: കണ്ണന്താനത്തിന് വന്‍ സ്വീകരണം ഒരുക്കുന്നു

single-img
8 September 2017

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയിലൂടെയുണ്ടായ അപ്രതീക്ഷിത ആഘാതം മറയ്ക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന ബിജെപി ഘടകം സ്വീകരണമൊരുക്കുന്നു. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കാനാണ് പരിപാടി. കണ്ണന്താനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ബിജെപി സംസ്ഥാനത്ത് ആഘോഷ പരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല.

കണ്ണന്താനത്തിന്റെ മന്ത്രിപദവിയെ അവഗണിച്ച സംസ്ഥാന ഘടകത്തിന്റെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തിന് മന്ത്രിയെ കിട്ടിയത് ആഘോഷമാക്കി മാറ്റി അതിനെ പാര്‍ട്ടിക്കു ഗുണകരമായ വിധത്തില്‍ ഉപയോഗിക്കാതെ ഈഗോയില്‍ കടിച്ചുതൂങ്ങുകയാണ് സംസ്ഥാന നേതാക്കള്‍ എന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.

ഇത് അവസാനിപ്പിച്ച് പരമാവാധി സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരെ അവയില്‍ പങ്കെടുപ്പിക്കാനുമാണ് കേന്ദ്രത്തില്‍ നിന്നു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് കണ്ണന്താനത്തിന്റെ നാടായ കാഞ്ഞിരപ്പള്ളിയില്‍ നടത്തുന്ന റോഡ് ഷോയില്‍ ബിഷപ്പിനെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണന്താനത്തിനു സ്വീകരണം നല്‍കും.
കുമ്മനം ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ വെട്ടിയാണ് കണ്ണന്താനം കേന്ദ്രസഹമന്ത്രിപദവിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതു ശരിവയ്ക്കും വിധത്തിലായിരുന്നു കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞയോട് സംസ്ഥാന ബിജെപി ഘടകത്തിന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ പോലും കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞാ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സത്യപ്രതിജ്ഞ പെട്ടെന്നു തീരുമാനിച്ചതുകൊണ്ട് ആര്‍ക്കും എത്താനായില്ല എന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം.

കേരളത്തില്‍നിന്ന് ഒരാള്‍ മന്ത്രിയായതിലൂടെ സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കണ്ണന്താനത്തിലൂടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി അനുകൂല മനോഭാവം ഉണ്ടാക്കിയെടുക്കാനാവുമെന്നും വിലയിരുത്തലുണ്ട്.

കണ്ണന്താനത്തിന്റെ സ്വീകരണ പരിപാടികളില്‍ ക്രിസ്ത്യന്‍ മതനേതാക്കളെ പരമാവധി പങ്കെടുപ്പിക്കാനുള്ള നീക്കം ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നേരത്തെ അമിത് ഷാ കേരളത്തിലെത്തിയ സന്ദര്‍ഭങ്ങളില്‍ ക്രിസ്ത്യന്‍ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നെടുമ്പാശ്ശേരിയിലും കണ്ണൂരും കോട്ടയത്തും തിരുവനന്തപുരത്തും കണ്ണന്താനത്തിനു സ്വീകരണം നല്‍കാനാണ് നിലവിലെ തീരുമാനം. കൂടുതല്‍ സ്ഥലങ്ങളില്‍ സ്വീകരണമൊരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്.