ഓണ പരിപാടിയില്‍ ബീഫ് കഴിച്ചതിന് നടി സുരഭി ലക്ഷ്മിക്കെതിരെ ‘സംഘികളുടെ സൈബര്‍ ആക്രമണം’

single-img
7 September 2017

കോഴിക്കോട്: ഓണത്തിന് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് ദേശീയ പുരസ്‌കാര ജേതാവ് സുരഭീ ലക്ഷ്മിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍. ഓണത്തെ നടി അപമാനിച്ചുവെന്നാണ് സുരഭിക്കെതിരായി ഇവര്‍ പ്രചരിപ്പിക്കുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് ഇവര്‍ വലിയ കാര്യമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.

സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനലില്‍ നടത്തിയ പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഹോട്ടലില്‍ ഇരുന്ന് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഹോട്ടലിലെ പൊറോട്ടയും ബീഫും കഴിക്കുന്നുണ്ട്.

ഇതാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയെന്നാണ് ഇവര്‍ പറയുന്നത്. ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നാണ് ആരോപണം. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

മറ്റ് ചിലരുടെ വാദങ്ങള്‍ അതിലും വിചിത്രമാണ്. ബക്രീദിന്റെ ദിവസം പന്നിയിറച്ചി കഴിച്ചുകൊണ്ട് പരിപാടി അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് ചോദ്യങ്ങള്‍. ആദ്യം കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.