എസ്ബിടി ചെക്ക് ലീഫ് ഇനി പറ്റില്ല: ഇടപാടുകള്‍ക്ക് എസ്ബിഐ ചെക്ക്ബുക്ക് നിര്‍ബന്ധം: ഐഎഫ്എസ് കോഡിലും മാറ്റം

single-img
7 September 2017

എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവര്‍ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനായി ബാങ്കിലെത്തി എസ്ബിഐയുടെ പുതിയ ചെക്ക് ബുക്ക് ഇടപാടുകാര്‍ കൈപ്പറ്റണം. നേരത്തെ എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെയാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പഴയ എസ്ബിടി ചെക്കുകള്‍ ഇതുവരെ പാസായി പോവുകയും ചെയ്തു. എന്നാല്‍ ഈ മാസത്തിനു ശേഷം പഴയ എസ്ബിടി ചെക്കുകള്‍ പാസാക്കി നല്‍കില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇതോടൊപ്പം ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അതാതു ബ്രാഞ്ചുകളില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്‌ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത്.