ഗൗരി ലങ്കേഷിനു പിന്നാലെ മലയാളിയായ സിബിഐ എസ്പി നന്ദകുമാര്‍ നായരും, ആശിഷ് ഖേതനും ഹിന്ദുത്വ തീവ്രവാദികളുടെ ‘ഹിറ്റ് ലിസ്റ്റില്‍’

single-img
7 September 2017

ധാബോല്‍ക്കര്‍ കൊലക്കേസ് അന്വേഷിക്കുന്ന മലയാളി സിബിഐ എസ്പി നന്ദകുമാര്‍ നായരും ആം ആദ്മി പാര്‍ട്ടി നേതാവും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് ഖേതനും തീവ്രഹിന്ദു സംഘടനയുടെ ഹിറ്റ്‌ലിസ്റ്റില്‍. ഇക്കാര്യം ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സനാതന്‍ സന്‍സ്തയെന്ന തീവ്രഹിന്ദു സംഘടനയില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ആശിഷ് ഖേതന് ഭീഷണി സന്ദേശം ലഭിച്ചത്. സനാതന്‍ സന്‍സ്തയുടെ അഭിഭാഷകനെ ചോദ്യംചെയ്തതിലൂടെയാണ് അവരുടെ ലിസ്റ്റില്‍ ധബോല്‍കര്‍ കൊലക്കേസ് അന്വേഷിക്കുന്ന മലയാളിയായ സിബിഐ എസ്പി നന്ദകുമാര്‍ നായരുണ്ടെന്ന് വ്യക്തമായത്.

ഈ ഹിന്ദുരാജ്യത്ത് താങ്കളെ പോലുള്ളവര്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും ദൈവകൃപയാല്‍ അത് എത്രയും പെട്ടെന്ന് നടക്കുമെന്നും 2016 ജൂണിന് ശേഷം ആശിഷ് ഖേതന് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നു. ഹിന്ദുവിരോധിയായ സിബിഐ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരുടെ സഹായം താങ്കള്‍ തേടിയ കാര്യം അറിയാമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

സംഭവത്തില്‍ ആശിഷ് ഖേതന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. താന്‍ ഫയല്‍ ചെയ്ത റിട്ട് വഴി തീവ്രവാദ ഗ്രൂപ്പുകളുടെ ഇത്തരം ഭീഷണികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ആശിഷ് ഖേതന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കാണ് നിലവില്‍ സംരക്ഷണം ലഭിക്കുന്നതെന്നും ഖേതന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സന്‍സ്ത ആര്‍ക്കും ഭീഷണി കത്ത് അയച്ചിട്ടില്ലെന്നും ധാബോല്‍ക്കര്‍ വധം അന്വേഷിക്കുന്ന നന്ദകുമാര്‍ നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സന്‍സ്ത തലവന്‍ രാജന്‍സ് പറഞ്ഞു. കര്‍ണാടകയില്‍ ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കപ്പെട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം. കലബുര്‍ഗി എന്നിവരുടെ മരണവുമായി ബന്ധമുണ്ടോ എന്ന് കര്‍ണാടക പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ ആശിഷ് ഖേതനു നേരെ വന്നെ ഭീഷണയും, അറസ്റ്റ് ചെയ്യപ്പെട്ട വീരേന്ദര്‍ താവാഡയില്‍ നിന്ന് സിബിഐയ്ക്ക് ലഭിച്ച വിവരങ്ങളും നിര്‍ണായക സൂചനകളാണ് അന്വേഷണ സംഘത്തിന് നല്‍കുന്നത്.