‘തെളിവ് നശിപ്പിച്ചത് നാദിര്‍ഷ’: ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ പലതും നുണയെന്നും അന്വേഷണസംഘം

single-img
7 September 2017

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം നിര്‍ണായക നീക്കത്തിലേക്ക്. ദിലീപിന്റെ സുഹൃത്തും, സംവിധായകനുമായ നാദിര്‍ഷ തെളിവ് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന തുടര്‍സംഭവങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

നേരത്തേ ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പലതും കളവാണെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിനായി നാദിര്‍ഷ കൂട്ടുനിന്നതായും, പൊലീസ് കരുതുന്നു. ഇതേത്തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നിലവില്‍ നാദിര്‍ഷ.

ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു. രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്.

ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ പുനലൂരില്‍ ഒളിവില്‍ കഴിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നാദിര്‍ഷ ചെയ്തത്.

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷ ഹൈക്കടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആശുപത്രിയില്‍ ചികില്‍സയിലുള്ള തന്നെ പൊലീസ് വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ അപേക്ഷയില്‍ വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.