നാദിര്‍ഷ കുടുങ്ങി: വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു: പേടിച്ചു വിറച്ച് നെഞ്ചുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലായി

single-img
7 September 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നാദിര്‍ഷ കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ചികില്‍സ തേടിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അസിഡിറ്റി മൂലമുള്ള പ്രശ്‌നം മാത്രമേ ഉള്ളെന്നാണ് സൂചന. എന്തായാലും നാദിര്‍ഷയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യേണ്ടെന്നും, ഡിസ്ചാര്‍ജ് ചെയ്ത ശേഷം ചോദ്യം ചെയ്യാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ നാദിര്‍ഷ അഭിഭാഷകനെ സമീപിച്ചതായും സൂചനയുണ്ട്. കേസില്‍ നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെയും പതിമൂന്നു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ചോദ്യം ചെയ്ത വേളയില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടിട്ടുള്ളത്.