മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍

single-img
7 September 2017

തിരുവനന്തപുരം: ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരോഗ്യവകുപ്പ് ഡയറക്‌റുടെ റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെകൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോഗ്യ വകുപ്പു ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ നാളെ ഉന്നതതലയോഗം ചേരും.

മെഡിക്കല്‍ കോളേജ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നും വിലപ്പെട്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ത്തുവെന്നും ഇതു നിത്യസംഭവമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വാഹനാപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടുപോയതെന്നായിരുന്നു സൂപ്രണ്ടിന്റെ വാദം. എന്നാല്‍ അന്നേ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 15 വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തില്‍ പരിക്കേറ്റ മുരുകന്‍ മരിച്ചത്. മുരുകന്റെ മരണത്തില്‍ പോലീസ് അന്വേഷണം നടന്നുവരുകയാണ്.