ഗൗരിയുടെ കൊലപാതകത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ‘സംഘികളുടെ’ പുതിയ തന്ത്രം: ഗൗരിക്ക് നക്‌സല്‍ ഭീഷണിയുണ്ടായിരുന്നതായി സഹോദരനെ കൊണ്ട് പറയിപ്പിച്ചു

single-img
7 September 2017

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംഘ്പരിവാറും അവരുടെ താല്‍പര്യം നടപ്പിലാക്കുന്ന അര്‍ണാബ് ഗോസാമിയുള്‍പ്പെടെയുള്ള മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍.

മാവോയിസ്റ്റുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് കൊലപാതകത്തിന് പിന്നില്‍ ഹിന്ദുത്വ ആശയക്കാരാണെന്ന ആരോപണത്തില്‍നിന്ന് രക്ഷനേടാനാണ് ഇവരുടെ നീക്കം. ഇതിന്റെ ഭാഗമായി ഗൗരിക്ക് നക്‌സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായായി സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് മധ്യമങ്ങളോട് പറഞ്ഞു.

നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഗൗരി. ഇത് ഒരുപരിധിവരെ വിജയമായിരുന്നു. ഇതേ തുടര്‍ന്ന് ഭീഷണിയുടെ സ്വരത്തിലുള്ള നിരവധി മെയിലുകളും കത്തുകളും ഗൗരിക്ക് ലഭിച്ചിരുന്നു. പോലീസ് പ്രധാനമായും അന്വേഷിക്കേണ്ട മേഖലയിതാണെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

ബി ജെ പിയുമായി ബന്ധമുള്ള ആള്‍ കൂടിയാണ് ഇന്ദ്രജിത്. കഴിഞ്ഞ ജൂലൈ ആറാം തീയതി ഇന്ദ്രജിത് ലങ്കേഷ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ദ്രജിത് ലങ്കേഷിനെ പല ടെലിവിഷന്‍ ചാനലുകളും അതിഥിയാക്കി പങ്കെടുപ്പിച്ചിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ ബിജെപി ബന്ധം മറച്ചുപിടിച്ചാണ് പലരും ചര്‍ച്ച നടത്തിയത്. റിപ്പബ്ലിക്ക് ടിവിയില്‍ ഒരു ഘട്ടത്തില്‍ ബിജെപി അനുകൂലിയായ ഇന്ദ്രജിത് എന്ന് അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉടനെ തന്നെ ഇന്ദ്രജിത് ഇത് തിരുത്തിക്കുകയായിരുന്നു.