സിപിഎം അടവ് മാറ്റുന്നു: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരും ?

single-img
7 September 2017

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗശേഷം യെച്ചൂരി പറഞ്ഞു.

ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപിയെ മുഖ്യശത്രുവായി കണ്ട് യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം മനസിലാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നാണ് യെച്ചൂരി മുന്നോട്ട് വെയ്ക്കുന്ന നിലപാട്.

2018ല്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ അടവുനയം സംബന്ധിച്ച കരട് രൂപരേഖയും സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാനാണ് പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി ഇത് ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്.

രണ്ടുമാറ്റങ്ങളാണ് അടവുനയത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധവും, പ്രാദേശിക പാര്‍ട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളുമാകും. ബിജെപിയെ മുഖ്യശത്രുവായി കാണണമെന്ന് സിപിഎം രാഷ്ട്രീയ പ്രമേയ രൂപരേഖയില്‍ പറുന്നു.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളെന്ന നിലപാട് മാറ്റണമെന്നാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷട്രീയപ്രമേയ രൂപരേഖ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് കേരള ഘടകം ആവര്‍ത്തിച്ചു. സഖ്യം ആകാമെന്ന നിലപാടാണ് നാളുകളായി ബംഗാള്‍ ഘടകം മുന്നോട്ട് വെയ്ക്കുന്നത്.