നാദിര്‍ഷായെ തള്ളി ആലുവ റൂറല്‍ എസ്പി: അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല

single-img
7 September 2017

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യമില്ല. ശാസ്ത്രീയപരമായ അന്വേഷണം മാത്രമാണ് നടക്കുന്നത് എന്നും എസ്പി അറിയിച്ചു.

അതേസമയം, വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. പ്രോസിക്യൂഷന് അനുകൂലമാകുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ശ്രമം. നേരത്തേ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകളോളം എന്നെ ചോദ്യം ചെയ്തു.

അപ്പോഴെല്ലാം ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നു. എനിക്കറിയാവുന്നതെല്ലാം നേരത്തേ പൊലീസിനോട് പറഞ്ഞിട്ടുള്ളതാണ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷായുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് പിടികൂടിയ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്.

കേസിന്റെ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിനൊപ്പം നാദിര്‍ഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്.

അതിനിടെ, പൊലീസിന്റെ മാരത്തണ്‍ ചോദ്യംചെയ്യലിനു രണ്ടു ദിവസം മുന്‍പ് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ നാദിര്‍ഷായ്ക്ക് പരിശീലനം നല്‍കിയതായി വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിര്‍ഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. അന്ന് ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണു പൊലീസ് ആസ്ഥാനത്തു ലഭിച്ചത്.

കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാന്‍ നാദിര്‍ഷായെ കേസില്‍ മാപ്പുസാക്ഷിയാക്കാനും ഇടയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തില്‍ നാദിര്‍ഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഇതു തള്ളിയിരുന്നു.