സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

single-img
6 September 2017

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്പിജി കമാന്‍ഡോകളില്‍ ഒരാളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാളെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല.

സോണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പഥ് 10–ാം നമ്പര്‍ വസതിയില്‍ സെബ്റ്റംബര്‍ ഒന്നിന് ഇയാള്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. ഈ ദിവസം അയാളുടെ ‘ഓഫ്’ ആയിരുന്നുവെന്ന് പറയപ്പെടുന്നു. എന്നിട്ടും യൂണിഫോം ധരിച്ച് പതിവുപോലെ ഇയാള്‍ ഡ്യൂട്ടിക്ക് വന്നത് എന്തിനാണ് എന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. സഹപ്രവര്‍ത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാള്‍ 11 മണിയോടെ ഓഫിസില്‍നിന്ന് പോവുകയും ചെയ്തു.

ദ്വാരകയിലെ ഒരു വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഇയാളുടെ താമസം. സെപ്റ്റംബര്‍ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും ഡ്യൂട്ടി നീട്ടി നല്‍കിക്കാണുമെന്നാണ് കുടുംബാംഗങ്ങള്‍ ധരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാണാതായെന്ന് മനസ്സിലായത്. തുടര്‍ന്ന് രാകേഷിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.