രണ്ടും കല്‍പ്പിച്ച് ദിലീപ് ചിത്രം രാമലീല തീയേറ്ററുകളിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
6 September 2017

ഒടുവില്‍ ദിലീപ് ചിത്രം രാമലീലയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് പുറത്തിറങ്ങുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് രാമലീലയുടെ റിലീസുമായി ടോമിച്ചന്‍ മുളകുപാടം മുന്നോട്ടുപോകുന്നത്.

മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തും. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ രാമലീലയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലാവുകയായിരുന്നു. എന്നാല്‍ ദിലീപ് ജയിലിലായതുകൊണ്ടല്ല റിലീസ് മാറ്റിയതെന്ന പ്രസ്താവനയുമായി നിര്‍മാതാവ് രംഗത്തെത്തി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 22ന് പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

മനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. രാധിക ശരത്കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് കാമറ കൈകാര്യം ചെയ്തത്.