പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

single-img
6 September 2017

കൊച്ചി: പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. കളമശേരി സ്വദേശികളായ വിനായകന്‍, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. കാണാതായ അഭിജിത്തിനായി തെരച്ചില്‍ തുടരുകയാണ്. അക്ഷയ് എന്ന കുട്ടിയെ ആണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴയുണ്ടായിരുന്നതിനാല്‍ പാറമടയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കാതെയാണ് ഇവര്‍ പാറമടയില്‍ കുളിക്കാനിറങ്ങിയത്. ഉച്ചയ്ക്ക് വാഹനത്തില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ വെള്ളത്തിന്റെ ആഴമറിയാതെ പാറമടയില്‍ ഇറങ്ങുകയായിരുന്നു.

മുങ്ങിത്താഴ്ന്ന ഇവര്‍ സഹായത്തിനായി നിലവിളിച്ചത് കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തതും ഒരാളെ രക്ഷപ്പെടുത്തിയതും. കാണാതായ ആള്‍ക്കു വേണ്ടി ഫയര്‍ഫോഴ്‌സിന്റെ കൂടി നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.