രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

single-img
6 September 2017

രണ്ട് സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍ കോളേജിലേക്കും കല്‍പറ്റ ഡി.എം കോളേജിലേക്കും ഹൈക്കോടതി അനുമതിയോടെ നടത്തിയ പ്രവേശനമാണ് റദ്ദാക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ദിവസം തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിന്റേയും പ്രവേശനാനുമതി ഇല്ലാതാക്കിയിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കല്‍ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. പ്രവേശനംനേടിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായതോടെ ഈ മൂന്ന് കോളേജുകളുടേയും പുനപരിശോധന ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും. മൂന്ന് കോളേജുകളുടേയും പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും.

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയ ജനുവരി നാല്, അഞ്ച് തീയതികളില്‍ നാല് ഡോക്ടര്‍മാര്‍ അവധി എടുത്തതിനെ തുടര്‍ന്നാണ് മൗണ്ടി സിയോണ്‍ കോളേജിന് അനുമതി നിഷേധിച്ചത്. ആശുപത്രിയില്‍ 157 ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ കൗണ്‍സില്‍ പരിശോധനാ ദിവസം മൂന്നു പേര്‍ താമസിച്ചു വരികയും നാല് പേര്‍ അവധിയിലുമായിരുന്നു.

സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം രണ്ട് കോടി രൂപ പിഴയായി കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ന്യൂനതകള്‍ എല്ലാം പരിഹരിച്ചതോടെ ഈ തുക മെഡിക്കല്‍ കൗണ്‍സില്‍ തിരിച്ചു നല്‍കി.

പിന്നീടാണ് മെഡിക്കല്‍ കൗണ്‍സില്‍ മിന്നല്‍ പരിശോധന നടത്തിയത്. അപ്പോഴാണ് ഡോക്ടര്‍മാര്‍ അവധി എടുത്തത്. തുടര്‍ന്ന് പ്രവേശനാനുമതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ഡി.എം കോളേജിന് അനുമതി നിഷേധിച്ചത്.