ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര ഇന്ന് ആരംഭിക്കും

single-img
6 September 2017

ജിദ്ദ: സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ഇന്ന് ആരംഭിക്കും. ജിദ്ദയില്‍ നിന്ന് രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. തുടര്‍ന്ന് ലക്‌നോ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് ഉണ്ട്.

12 വിമാനങ്ങളിലായി 3500 ഹാജിമാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മദീന സന്ദര്‍ശനത്തിന് ശേഷം ഇരുപത്തി രണ്ടു മുതലാണ് മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക. ഒക്ടോബര്‍ ആറിനാണ് അവസാന ഹജ്ജ് വിമാനം. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്.

അതേ സമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ത്ഥാടകര്‍ അടുത്ത ദിവസം മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.1,69,940 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. മടക്കയാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായതായി ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു.

തീര്‍ഥാടകരുടെ ബാഗേജുകള്‍ വിമാന കമ്പനി അധികൃതര്‍ 24 മണിക്കൂര്‍ മുമ്പ് താമസ സ്ഥലത്ത് നിന്ന് സ്വീകരിക്കും. ഹാജിമാര്‍ക്കുള്ള സംസം വെള്ളം നേരത്തെ അതത് വിമാനത്താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ് മുഖേന 20,000ത്തില്‍ അധികം പേര്‍ ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ ഹറമിലേക്ക് വരാനുള്ള അസീസിയ ട്രാന്‍സ്‌പോര്‍േട്ടഷന്‍ ഇന്ന് പുനഃരാരംഭിക്കും.