ഗോഡ്‌സെയുടെ പിസ്റ്റളിന് ഇനിയും ദാഹമടങ്ങിയിട്ടില്ല

single-img
6 September 2017

ജോഫിൻ മണിമല

ആശയങ്ങളുടെ പേരിൽ, അക്ഷരങ്ങളുടെ പേരിൽ, കൽബുർഗി ഹൈന്ദവ തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റിലാണ് 2 വർഷം പൂർത്തിയായത്. ഇതാ അടുത്തയാൾ ഗൗരീ ലങ്കേഷ്‌… ലങ്കേഷ്‌ പത്രിക എന്ന വീക്കിലി ടാബ്‌ളോയ്ഡ് മാസികയുടെ പത്രാധിപ…  കൽബുർഗിയെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന ആവശ്യമുന്നയിച്ച് നിരന്തരമായ പോരാട്ടത്തിലായിരുന്നു അവർ. രോഹിൻഗ്യകളുടെ വംശഹത്യക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയുമായിരുന്നു. അവരുടെ തൂലിക ചലിച്ചതും നാവ് ശബ്ദമുയർത്തിയതും എപ്പോഴും സംഘപരിവാര രാഷ്ട്രീയത്തിനും (രാഷ്ട്രീയം എന്ന് അതിനെ പറയുന്നത് തന്നെ അക്ഷന്തവ്യമായ തെറ്റാണ്, എങ്കിലും) അവരുടെ വർഗീയ നിലപാടുകൾക്കും എതിരെയായിരുന്നു. അപ്പോൾ ആശയം ഇല്ലാതെ ആയുധമൂർച്ചയിൽ അഭിരമിക്കുന്നവർക്ക്, ഗൗരീ ലങ്കേഷ്‌  ജീവിക്കാൻ അർഹതയില്ലാത്ത ആളാണ് എന്നതിൽ സംശയമില്ല. 

“എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്.. അല്ലാതെ വർഗീയവാദി ആകാനല്ലാ.. അതുകൊണ്ടുതന്നെ വർഗീയവാദികളെ എതിർക്കുക എന്നത് എന്റെ കടമയായി ഞാൻ കരുതുന്നു.”

എന്ന് പറയാൻ അവർക്ക് ആരെയും ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സ്വന്തം ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഫാസിസത്തെയും വർഗീയതയും ഹൈന്ദവ ഭീകരതയെയും  അവർ നിരന്തരം പ്രതിരോധിച്ചുവന്നത്. അവരുടെ വാക്കുകളിലും എഴുത്തുകളിലും അത് എപ്പോഴും പ്രകടവുമായിരുന്നു.

മുസ്സോളിനി

“തോക്കിൻ കുഴലുകളെക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക്” എന്ന് നിരീക്ഷിച്ചത് അനേകം യുദ്ധഭൂമികളിൽ ചോരച്ചാലുകൾ തീർത്ത നെപ്പോളിയൻ ബോണപ്പാർട് ആണ്. വാട്ടർലൂവിൽ അന്ത്യശ്വാസം വലിക്കുന്നതിന് മുമ്പേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു ആയുധങ്ങളല്ല ശാശ്വത അക്ഷരങ്ങൾ ആണെന്ന്. അക്ഷരം എന്ന വാക്കിന് ഒരിക്കലും നശിക്കാത്തത് എന്നാണ് അർത്ഥമെന്ന് ആരൊക്കെ സംശയിച്ചാലും ഫാസിസ്റ്റുകൾ സമ്മതിക്കില്ല. അവർക്കറിയാം അതിന്റെ യഥാർത്ഥ ശക്തി. അക്ഷരങ്ങൾക്കുമുന്നിൽ പിടിച്ചു നില്ക്കാൻ തങ്ങളുടെ വികലവും വൃത്തികെട്ടതുമായ ആശയസംഹിതകൾക്ക് കഴിയില്ലെന്ന്. അതുകൊണ്ടാണ് അവർ ആയുധങ്ങളുമായി അക്ഷരങ്ങളെ, അവയുടെ ഉറവിടങ്ങളെ പരതിനടക്കുന്നത്. ഒരു വിമതശബ്ദം ഉയർന്നയുടൻ അങ്ങോട്ടേക്ക് നിറയൊഴിക്കുന്നത്. ഹിറ്റ്ലറും മുസോളനിയുമെല്ലാം ചെയ്തുകൂട്ടിയതാണ് ഇപ്പോൾ ‘ആർഷഭാരതസംസ്കാരത്തി’ൽ ഊറ്റം കൊള്ളുന്ന അഭിനവ രാജ്യസ്നേഹത്തിനുള്ള താമ്രപത്രത്തിന്റെ വിതരണാവകാശം നേടിയവർ കാണിച്ചു കൂട്ടുന്നത്. അതിന് ഭരണകൂടത്തിന്റെ ഒത്താശ എപ്പോഴുമുണ്ട്.
ആദ്യം അപരവത്ക്കരണം നടത്തുക എന്നതാണ് ഫാസിസ്റ്റുകളുടെ രീതി. ഹൈന്ദവ തീവ്രവാദം, സംഘപരിവാര വർഗീയത എന്നിവക്കെതിരെ ശബ്ദമുയർത്തുന്ന എല്ലാവരെയും അവർ ഹിന്ദുവിരോധി എന്ന് മുദ്ര കുത്തും. അത് പിന്നെ ഊട്ടിയുറപ്പിക്കാൻ തന്ത്രങ്ങൾ മെനയുന്നതിനുള്ള ശ്രമമാവും. അത് പ്രയോഗത്തിൽ വരുത്തിയശേഷം ഒടുവിൽ ഉന്മൂലനത്തിന്റെ രാഷ്ട്രീയവുമായി അവരിറങ്ങും. ഹൈന്ദവതീവ്രവാദികളുടെ ആത്യന്തികമായ രാഷ്ട്രീയം ഉന്മൂലനത്തിന്റെ പ്രയോഗമാണ്. അതുകൊണ്ടാണ് കെ പി രാമനുണ്ണി “ഹിന്ദുത്വവാദികൾ പ്രതിനിധാനം ചെയ്യുന്നത് ഭാരതീയയെ അല്ലാ, സാമ്രാജ്യത്വ ശക്തികളെയാണ്” എന്ന് നിരീക്ഷിച്ചിട്ടുള്ളത്.

“സ്വന്തം ആശയത്തെയും തങ്ങളുടെ നേതാവായ മോദിയെയും എതിർക്കുന്നവരെ കൊന്നുതള്ളുന്നത് പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുത്വ ബ്രിഗേഡുകളുടെയും മോഡി ഭക്തരുടെയും കർണ്ണാടകയിലാണ് ഞങ്ങൾ ജീവിക്കുന്നത്. അവർക്ക് എങ്ങനെയും എന്റെ വായടപ്പിച്ചേ മതിയാവൂ. എന്നെ  ജയിലിലടക്കാനുള്ള തീരുമാനം അവർക്ക് സന്തോഷമേകുമായിരിക്കും.”

പ്രഹ്ലാദ് ജോഷിയുൾപ്പെടെയുള്ള ബിജെപിക്കാരുടെ പരാതിയിന്മേൽ അടുത്തിടെ ഗൗരീ ലങ്കേഷ്‌ ശിക്ഷിക്കപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകളാണ്. എന്നാൽ അവർക്ക് ജാമ്യം ലഭിക്കുകയും തന്റെ പ്രവർത്തനം തുടരുകയുമാണ് ഉണ്ടായത്. നാഷണലൈസ്ഡ് പത്രങ്ങൾ ഉൾപ്പെടെ കൊടുത്ത വാർത്തയിൽ പ്രഹ്ലാദ് ജോഷി ഉൾപ്പെടെ ഉള്ളവരുടെ പേരുണ്ടായിരുന്നുവെങ്കിലും അവർ കേസ് ഫയൽ ചെയ്തത് ലങ്കേഷ്‌ പത്രികയ്ക്കും ഗൗരീ ലങ്കേഷിനും എതിരെ മാത്രമാണ്. ഫാസിസ്റ്റുകൾ അത്രമേൽ പേനകൊണ്ടും പ്രവൃത്തികൊണ്ടും തങ്ങളോട് നിരന്തരം കലഹിച്ചിരുന്ന ആ സ്ത്രീയെ ഭയപ്പെട്ടിരുന്നു എന്ന് സുവ്യക്തം. ഹിന്ദുത്വവിരോധി എന്ന് തുല്യം ചാർത്തി അപരവത്ക്കരണം നടത്തിയപ്പോഴും അവർ ഭയപ്പെട്ടിരുന്നില്ല,

“ഈ പോരാട്ടം ഭരണഘടനയോടുള്ള എന്റെ പോരാട്ടമാണെ”ന്ന് അവർ അടിയുറച്ചു വിശ്വസിച്ചു. ജീവൻ അപകടത്തിലാണ് എന്നറിഞ്ഞും അവർ അവരുടെ ആശയങ്ങളെ ഉപേക്ഷിക്കുകയോ മൂടിവയ്ക്കുകയോ ചെയ്തിട്ടില്ല. കാരണം അവർ പ്രായോഗിക രാഷ്ട്രീയത്തിന്റെ വരട്ടുന്യായങ്ങളെ റദ്ദ് ചെയ്തിരുന്നു. ഫാസിസ്റ്റുകൾക്കെതിരെ എന്ന് എപ്പോഴും ആർത്തലയ്ക്കുന്നവർ പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോഗത്തിൽ പെട്ട് നിശ്ശബ്ദമാകുകയോ അല്ലെങ്കിൽ മറ്റൊരു ദുരന്തമായി മാറുകയോ ചെയ്യുന്നു. ടി പി ചന്ദ്രശേഖരൻ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

പ്രായോഗിക രാഷ്ട്രീയം  അധികാര രാഷ്ട്രീയത്തിന് വേണ്ടിയാകുമ്പോൾ അതിന് ഫാസിസത്തെ എതിർക്കാൻ സാധിക്കില്ല. അവരുടെ പ്രത്യയ ശാസ്ത്രങ്ങൾക്ക് അതിനുള്ള ആവതുണ്ടെങ്കിലും അധികാരം മാത്രമായി മാറി രാഷ്ട്രീയ ദൈനംദിന നടത്തിപ്പുകളിൽ പ്രത്യയശാസ്ത്രം മറന്ന് പ്രവൃത്തിക്കുമ്പോൾ ഫാസിസം അങ്ങനെതന്നെ നിലനില്ക്കും. അവർ യുക്തിചിന്തകരെ ‘ബൂർഷ്വാ യുക്തിവാദികൾ’ എന്ന് വിളക്കും. യുക്തിചിന്ത വളർത്തുവാനോ, പുരോഗമനാശയങ്ങൾ നടപ്പിലാക്കാനോ പലപ്പോഴും സാധിച്ചെന്ന് വരില്ല. അവരും മറ്റൊരുതരത്തിൽ ഫാസിസ്റ്റുകളായി മാറുന്നു.  അധികാരമേറുമ്പോൾ പൊലീസ് രാജ് നടപ്പാക്കാൻ തത്രപ്പെടുന്നു. വൈപ്പിൻ സമരം, നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ അങ്ങനെ നമ്മുടെ കേരളത്തിലും അനേകം ഉദാഹരണങ്ങൾ ഇങ്ങനെ തെളിഞ്ഞുകിടപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ മാറാപ്പ് ചുമക്കാത്ത ചിലർ, ഫാസിസ്റ്റുകൾക്കെതിരെ ഒറ്റയാൾ പോരാട്ടങ്ങളുമായി പ്രത്യക്ഷപ്പെടുക. വർഗീയവാദികൾക്കും ഫാസിസ്റ്റുകൾക്കും ഇത്തരക്കാരാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആശയാടിത്തറ അവരുടെ കൈയിൽ ഭദ്രമാവുന്നിടത്തോളം അത് തങ്ങൾക്ക് ദോഷകരമാണ് എന്ന് മനസിലാക്കി അവർ ഇത്തരം ആളുകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു. ഗൗരീ ലങ്കേഷിനുമുമ്പ് അത് കൽബുർഗിയായിരുന്നു.

എം എം കൽബുർഗി

ഗൗരീ ലങ്കേഷിനെ കൊന്നതുകൊണ്ട് ആർക്കാണ് നേട്ടം. കൽബുർഗിയുടെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു അവർ. ഇപ്പോൾ ഇല്ലാതായതും അതാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർക്കും സാധിക്കാതെപോയവർക്കും ആവേശവും ഊർജ്ജവും നിറച്ച ഗൗരി കൊല്ലപ്പെട്ടതോടുകൂടി അവർ ഉയർത്തിക്കൊണ്ടുവന്ന പ്രതിഷേധാഗ്നി കൂടി ഇല്ലാതാവുമെന്ന് ഫാസിസ്റ്റ് ശക്തികൾ വിശ്വസിച്ചുപോയാൽ തെറ്റ് പറയാനാവില്ല. പക്ഷേ ആ ജ്വാല അണയാതിരിക്കേണ്ടതുണ്ട്. ഈ ഭൂമിയിൽ നമ്മൾക്ക് ജീവിക്കണം. നമ്മുടെ തലമുറകൾക്ക് ജീവിക്കണം. സ്വതന്ത്ര്യത്തോടുകൂടി. ജനാധിപത്യത്തിന്റെ സുരക്ഷത്തിത്വത്തിൽ. അന്ധവിശ്വാസങ്ങൾ നമ്മുടെ സ്വാതന്ത്ര്യം പോലും അർദ്ധരാത്രിയിലേക്ക് മാറ്റിവച്ച പാരമ്പര്യമല്ല നമുക്ക് വേണ്ടത്. നമുക്ക് കിട്ടിയെന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം ഏറ്റവും വലിയ നുണയാണെന്ന് നമ്മൾ ഇനിയും മനസിലാക്കിയില്ലെങ്കിൽ ഈ ഭൂമി ഇരുട്ടിന്റെ ശക്തികൾ വിഴുങ്ങിക്കളയും.

സർവം മോഡിഫൈഡ് ആകുമ്പോൾ, യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ പ്രതിക്കൂട്ടിലാണ്. കാരണം അവർ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും.

“എന്റെ പിതാവ് പി ലങ്കേഷ്‌, യു ആർ അനന്തമൂർത്തി, കൽബുർഗി തുടങ്ങിയ അനേകർ ജവഹർലാൽ നെഹ്റു തുടങ്ങി ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരെയൊക്കെ ആശയങ്ങൾക്കൊണ്ട് നിശിതമായി വിമർശിച്ചവരാണ്. പക്ഷേ അവരെ ആരും കൊന്നില്ല, ഉപദ്രവിച്ചിട്ടുമില്ല. എന്നാൽ വർഗീയത കൊടികുത്തി വാഴുന്ന ഇക്കാലത്ത് എതിർത്തുപോയാൽ അപ്പോൾ അവരുടെ തോക്കിൻകുഴലുകൾ തീ തുപ്പും”

എന്ന് ഗൗരി എഴുതിയത് ഇപ്പോൾ അവരുടെ തന്നെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. ഗാന്ധിയെ കൊന്ന ഗോഡ്സേയെ ഒരുകാലത്ത് അവർക്ക് ‘സംഘടനയിൽ നിന്നും ഒഴിവാക്കപ്പെട്ടവൻ’ ആയിരുന്നു. ഇപ്പോൾ ആ തീവ്രവാദിയുടെ പേരിൽ ക്ഷേത്രങ്ങൾ വരെ ഉയരുന്നു. ഗോഡ്‌സെയുടെ പിസ്റ്റൾ ഇപ്പോഴും വെടിയുതിർത്തുകൊണ്ടേയിരിക്കുന്നു. അതിന്റെ ദാഹം അടങ്ങിയിട്ടേയില്ല. എത്ര ചോര കുടിച്ചാലാവും അതടങ്ങുക.?? ധബോൽക്കറെയും പൻസാരയെയും കൽബുർഗിയെയും കടന്ന് ഇതാ ഗൗരിയുടെ ചോരയും കുടിച്ച് അതെങ്ങോ മറഞ്ഞിരിക്കുന്നു. ചുറ്റിലും കണ്ണോടിച്ച് നടക്കുക. ദാഹത്താൽ വലഞ്ഞ് ഗോഡ്‌സെയുടെ പിസ്റ്റൾ ഏതോ ഒരു കോണിൽ നിന്ന് ആരുടെയോ നേരെ തിരിയുന്നുണ്ട്. നമ്മൾ ഇനിയും മിണ്ടാതിരിക്കണമോ. എത്രകാലം നമ്മൾ കുറ്റകരമായ ഈ മൗനം തുടരും. നമ്മുടെ വാതിൽപ്പടിയിൽ ഫാസിസം തട്ടിവിളിക്കുംവരെ കാത്തിരിക്കരുത്. അപ്പോൾ നമുക്കുവേണ്ടി ശബ്ദമുയർത്താൻ ആരും അവശേഷിക്കുന്നുണ്ടാവില്ല.