56 ദിവസത്തിന് ശേഷം ദിലീപ് പുറത്തിറങ്ങി: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും ജയിലിലേക്ക്

single-img
6 September 2017

ആലുവ: നടന്‍ ദിലീപ് പോലീസ് കാവലില്‍ ആലുവ സബ് ജയിലില്‍ നിന്നും കൊട്ടാരക്കടവ് പത്മസരോവരം വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ എട്ട് മണിയോടെ ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനെ 8.15ഓടെ വീട്ടിലെത്തിച്ചിരുന്നു.

വലിയ പൊലീസ് സന്നാഹം ദിലീപിനെ അനുഗമിച്ചു. തുടര്‍ന്ന് ആരംഭിച്ച ചടങ്ങുകള്‍ ഒന്‍പത് മണിയോടെ അവസാനിച്ചു. ദിലീപിന്റെ സഹോദരനൊപ്പം മകള്‍ മീനാക്ഷിയും ചടങ്ങുകളില്‍ പങ്കെടുത്തു. വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. ദിലീപിന് 10 മണിക്ക് തിരികെ ജയിലിലെത്തേണ്ടതുണ്ട്.

രാവിലെ ദിലീപിനെ ജയിലില്‍നിന്നു പുറത്തിറക്കുന്നതു കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് ജയിലിനു പുറത്ത് ഒത്തുകൂടിയിരുന്നത്. വീടിനു പുറത്തും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. നിരവധി പൊലീസ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഒരു വാഹനം മാത്രമാണ് വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്.

ആലുവ ഡി.വൈ.എസ്.പിക്കാണ് ഇന്ന് ആലുവ സബ് ജയിലില്‍ നിന്ന് ദിലീപിനെ പുറത്തെത്തിച്ച് തിരികെ എത്തിക്കുന്നത് വരെയുള്ള സുരക്ഷാ ചുമതല. പുറത്തിറങ്ങുമ്പോള്‍ വീട്ടിലോ മറ്റോ ഉള്ള ആരോടും മറ്റ് കാര്യങ്ങള്‍ സംസാരിക്കരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇത് നിരീക്ഷിക്കാന്‍ അഞ്ചോളം പൊലീസുകാര്‍ നിഴലുപോലെ ദിലീപിന്റെ ഒപ്പമുണ്ടായിരുന്നു. ഇതിന് പുറമെ ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിന് ചുറ്റും വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്ദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

2008 മുതല്‍ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ താന്‍ മുടങ്ങാതെ എല്ലാ വര്‍ഷവും ചെയ്യാറുണ്ടായിരുന്നെന്നും അതുകൊണ്ട് മാനുഷിക പരിഗണന നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. നാല് മണിക്കൂര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ട് മണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.