കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

single-img
6 September 2017

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. പിണറായി വിജയനാണു തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കണ്ണന്താനത്തിനു മുഖ്യമന്ത്രി നല്‍കിയ ഉച്ചവിരുന്നിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയ്ക്ക് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉറപ്പ് നല്‍കി.

ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അള്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.