ഗൗരി ലങ്കേഷ് വധത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി: ഉടന്‍ സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
6 September 2017

ബംഗ്ലൂരുവില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍, കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സിബിഐ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഉടന്‍ സിബിഐ അന്വേഷണത്തിന് ഇല്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്.

അതേസമയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇതിനിടെ ഗൗരി ലങ്കേഷിന്റെ വീട്ടുപരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നു ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു. അതിനിടെ ഗൗരി ലങ്കേഷിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്കമംഗളൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയിലായത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബിജെപിക്കോ പോഷക സംഘടനകള്‍ക്കോ പങ്കില്ലെന്ന് പറഞ്ഞ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരുന്നു. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും ക്രമസമാധാന നില പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

കടുത്ത സംഘപരിവാര്‍ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബിജെപിക്കും സംഘപരിവാരത്തിനുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്കരിയുടെ പ്രതികരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.

ഏഴുവട്ടമാണ് അക്രമികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം ഗൗരിയുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടെന്ന് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.