പരിപാടിക്ക് വിളിച്ചപ്പോള്‍ ‘കുലംകുത്തി’യാവാനില്ലെന്ന് മമ്മൂട്ടിയും പറഞ്ഞു: നടന്മാരുടെ സമീപനത്തിന് ഏഷ്യാനെറ്റ് മറുപടി നല്‍കിയത് കമല്‍ ഹാസനെ കൊണ്ടുവന്ന്

single-img
6 September 2017

കൊച്ചി: ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്ന് ആരോപിച്ച് താരങ്ങള്‍ ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചിരുന്നു. പ്രത്യേകിച്ചും ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകള്‍. എന്നാല്‍ മനോരമ ന്യൂസുമായും മഴവില്‍ മനോരമയുമായും സഹകരിക്കാന്‍ നടന്മാര്‍ തയ്യാറായിരുന്നു. മനോരമ ചാനല്‍ പൊതുവെ മൃദു സമീപനമാണ് ദിലീപ് വിഷയത്തില്‍ സ്വീകരിച്ചിരുന്നത്.

ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നായിരുന്നു പ്രത്യേക നിര്‍ദ്ദേശം. പുതുമുഖ താരങ്ങള്‍ക്കാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്.

അനു സിത്താര ഉള്‍പ്പെടെയുള്ള പുതുമുഖ താരങ്ങളെ ഓണ പരിപാടിക്കായി ചാനല്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ചാനലുമായി സഹകരിക്കാന്‍ തയ്യാറായില്ല. ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളുടെ സിനിമാ പരിപാടികളിലും പുതുമുഖ താരങ്ങള്‍ പോലും
കുറെ ദിവസങ്ങളായി പങ്കടുക്കുന്നില്ല.

ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓണത്തിന് മമ്മൂട്ടിയും മുഖ്യമന്ത്രിയുമായുള്ള ഇന്റര്‍വ്യൂവാണ് ഏഷ്യാനെറ്റ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്ന് പറഞ്ഞ് മമ്മൂട്ടി ഇതില്‍നിന്ന് പിന്മാറി.

ഇതിനു തിരിച്ചടിയെന്നോണമാണ് ഏഷ്യാനെറ്റ് കമല്‍ ഹാസനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയുമായി ഇന്റര്‍വ്യൂ നടത്തിയത്. ഇത് ഈ ഓണക്കാലത്തെ ഏറ്റവും മികച്ച പരിപാടിയായി മാറുകയും ദേശീയ തലത്തില്‍ തന്നെ ഈ ഇന്റര്‍വ്യൂ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ ഇന്റര്‍വ്യൂ എടുക്കാന്‍ സഹായിച്ചതിന് കൈരളി ടിവിക്കും ഏഷ്യാനെറ്റ് പരിപാടി സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി.

ചാനലുകളോടുള്ള നടന്മാരുടെ സമീപനത്തിന് ഏഷ്യാനെറ്റ് ഇങ്ങനെ മറുപടി നല്‍കിയതോടെ മറ്റ് മാധ്യമങ്ങളും ഈ നിലപാടിനെ പിന്തുണച്ചു. ഇതിന്റെ ഭാഗമായി മനോരമയും ചുവടുമാറ്റി. തങ്ങള്‍ ഒറ്റപ്പെട്ടുപോകുമോ എന്ന പേടിയില്‍ മനോരമയും വാഴ്ത്തലുകല്‍ നിര്‍ത്തി വിമര്‍ശനപരമായി റിവ്യൂ എഴുതാന്‍ തുടങ്ങി.

ചിത്രഭൂമി ഉള്‍പ്പെടെയുള്ള മാസികകളും ഇപ്പോള്‍ കൃത്യമായി റിവ്യൂ എഴുതാനും തുടങ്ങി. പുള്ളിക്കാരന്‍ സ്റ്റാറാ, വെളിപാടിന്റെ പുസ്തകം എന്നിവ മോശം സിനിമകളാണെന്ന് ചിത്രഭൂമി റിവ്യൂ എഴുതി. അതേസമയം ചാനല്‍ ബഹിഷ്‌കരണത്തിനെതിരെ ഒരു വിഭാഗം യുവതാരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിന് അമ്മയ്ക്കുളളിലെ മറുചേരിയില്‍നിന്ന് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പൃഥ്വിരാജിന്റെ പൂര്‍ണ പിന്തുണയുമുണ്ട.് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പക്ഷത്താണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ ഈ വിഷയത്തില്‍ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. അമ്മ പ്രതിസന്ധി നേരിടുകയാണെന്നും ഈ സംഘടന വെറുതെയാണെന്നും അജു ചില മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്.