യാത്രക്കാരന്‍ സ്വര്‍ണം വിഴുങ്ങി: വീണ്ടെടുക്കാന്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’മാതൃക പയറ്റി കരിപ്പൂര്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍

single-img
5 September 2017

ഫഹദ് ഫാസില്‍ സിനിമയായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ കണ്ടവര്‍ അതിലെ ദൃശൃങ്ങള്‍ ഒരിക്കലും മറക്കാനിടയില്ല. ഫഹദ് വിഴുങ്ങിയ സ്വര്‍ണം പുറത്തേക്കെടുക്കാനുള്ള പോലീസുകാരുടെ ശ്രമവും മറ്റും വളരെ രസകരമായാണ് അവതരിപ്പിച്ചിരുന്നത്. ഇങ്ങനൊയൊക്കെ സിനിമയില്‍ മാത്രമെ സംഭവിക്കൂ എന്നാണ് പലരും ധരിച്ചിരുന്നത്.

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇതേസംഭവമാണ് അരങ്ങേറിയിരിക്കുന്നത്. യാത്രക്കാരന്‍ സ്വര്‍ണം കടത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതയിലായിരുന്നു ഉദ്യോഗസ്ഥര്‍. ഇന്നലെ രാത്രിയിലെ വിമാനത്തില്‍ എത്തിയ യാത്രക്കാരനെ പരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം.

എക്‌സ്‌റേയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹനിര്‍മിതമായ ഏഴു കഷണങ്ങള്‍ കിടക്കുന്നു. സാധനം സ്വര്‍ണമാണോ എന്ന് ഉറപ്പുവരുത്തണമെങ്കില്‍ പുറത്തെടുക്കണം. ഇതിനായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മാതൃകയില്‍ പഴമൊക്കെ നല്‍കി തൊണ്ടി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നേരം പുലരുന്നതു വരെ കാത്തിരുന്നെങ്കിലും സംഗതി പുറത്തു വന്നില്ല.

തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ഇനിയും ലോഹഭാഗങ്ങള്‍ ശരീരത്തിനകത്തിരുന്നാല്‍ യാത്രക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പണിയാകുമെന്ന് ഡോക്ടറും മുന്നറിയിപ്പ് നല്‍കി. പിന്നീട് യാത്രക്കാരനെ മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്യുകയും ചെയ്തു.

യാത്രക്കാര്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണം പല തവണ പിടിച്ച് പുറത്തെടുപ്പിച്ചവരാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. പക്ഷേ ഇത്തവണ അത് നടന്നില്ല. എങ്കിലും പ്രശ്‌നത്തിന് വൈകിട്ടോടെ ഒരു തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.