പതിവു തെറ്റിക്കാതെ ജയറാം ഓണക്കോടിയുമായി എത്തി: ജയിലില്‍ ‘ഹാപ്പി’യായി ദിലീപ്

single-img
5 September 2017

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം തിരുവോണദിവസം ഉച്ചകഴിഞ്ഞ് ആലുവ സബ്ജയിലില്‍ എത്തിയത്.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണോ എന്നുളള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്ന് ജയറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങി വാഹനത്തിനുളളിലേക്ക് ധൃതിയില്‍ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങള്‍ വളഞ്ഞത്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത് എന്നും ജയറാം പറഞ്ഞു.

ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലില്‍ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് ദിലീപിനെ കാണാന്‍ ആദ്യം ജയിലിലെത്തിയത്. നാദിര്‍ഷ മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും എത്തിയത്.