ലോറിയില്‍ നിന്നും എടുത്തുചാടി ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു: കരയ്ക്കു കയറ്റാനുള്ള ശ്രമം തുടരുന്നു

single-img
5 September 2017

ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുംവഴി ലോറി തുറവൂരിലെത്തിയപ്പോള്‍ ആന ഇറങ്ങിയോടുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു.

ഇതിനിടെ അനന്തന്‍കരി പാടത്തേക്ക് ഓടികയറിയ ആന ചതുപ്പില്‍ താഴ്ന്നു പോകുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണനെ കരയ്ക്കു കയറ്റാനുള്ള ശ്രമം തുടരുകയാണ്. ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കാനാവില്ല. ഇക്കാരണത്താല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്.

യാത്രക്കിടെ ലോറിക്ക് കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വേഗത കുറച്ച സമയത്ത് ആന എടുത്തു ചാടുകയായിരുന്നു. ദേശീയപാതയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരേക്ക് ആന ഓടിപ്പോവുകയായിരുന്നു. സ്ഥലത്തേക്ക് ജനപ്രവാഹം ഉള്ളതിനാല്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.