‘ദിലീപ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും’: പേടിച്ച് ജയിലില്‍ ചെന്ന് സാഷ്ടാങ്കം പ്രണമിച്ച് സിനിമാ പ്രവര്‍ത്തകര്‍: ‘അമ്മ’ പൊട്ടിത്തെറിയുടെ വക്കില്‍

single-img
5 September 2017

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോനക്കുറ്റത്തിന് അറസ്റ്റിലായതോടെ ദിലീപിനെ കൈവിട്ട മലയാള സിനിമാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ മൗനം വെടിഞ്ഞ് ദിലീപിനൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ദിലീപിന്റെ ജയില്‍വാസം രണ്ടുമാസം പിന്നിടാറാകുമ്പോള്‍ ഓണത്തിന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ്.

സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് കണക്കാക്കുന്നത്. എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ താരസംഘടനയായ അമ്മ ഇപ്പോഴും ഇരയ്‌ക്കൊപ്പമല്ല ദിലീപിനൊപ്പമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.

ദിലീപ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നവരാണ് ഇപ്പോള്‍ ജയിലില്‍ പോയി താരത്തെ സാഷ്ടാങ്കം പ്രണമിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്. അടുത്തതവണ ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍.

ജൂലൈ പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പിന്നീട് കേസിന്റെ പേരില്‍ ഒറ്റപ്പെട്ടുപോയ ദിലീപിന് അനുകൂലമായി മലയാള സിനിമയില്‍ നിന്നും ശബ്ദം ഉയര്‍ന്നിരുന്നില്ല.

ഏതാനും ചില താരങ്ങള്‍ അനുകൂല പരാമര്‍ശം നടത്തിയെങ്കിലും അവരെല്ലാം പിന്നീട് പിന്മാറി. ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം. എന്നാല്‍ യുവ താരങ്ങള്‍ ദിലീപ് പ്രശ്‌നത്തിന്റെ പേരില്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്‌നത്തിലും ദിലീപ് വിഷയത്തിലും അമ്മയ്ക്കുള്ളില്‍ പൊട്ടിത്തെറി സംജാതമായിരിക്കുകയാണ്.

അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പൃഥ്വിരാജിന്റെ പൂര്‍ണ പിന്തുണയുമുണ്ട.് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പക്ഷത്താണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ ഈ വിഷയത്തില്‍ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. അമ്മ പ്രതിസന്ധി നേരിടുകയാണെന്നും ഈ സംഘടന വെറുതെയാണെന്നും അജു ചില മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്.