ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടോ?: എങ്കില്‍ നിങ്ങള്‍ക്കു തന്നെ സ്വയം തിരുത്താം

single-img
5 September 2017

ആധാര്‍ കാര്‍ഡിലുള്ള തെറ്റുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ അത് ഈസിയായി നിങ്ങള്‍ക്കു തന്നെ തിരുത്താമെന്നാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. നിങ്ങള്‍ ആധാറിനായി അപേക്ഷിച്ചപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കൈവശം ഉണ്ടെങ്കില്‍ ആധാറിലെ ഏത് തെറ്റും അനായാസം തിരുത്താം.

യുനീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം നിങ്ങളുടെ ആധാറുപയോഗിച്ച് ലോഗിന്‍ ചെയ്യുക. എ.ഡി.എ.ഐയുടെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ആധാര്‍ ഡീറ്റെയില്‍സ് (ഓണ്‍ലൈന്‍) എന്ന ടൂള്‍ ഉപയോഗിച്ചാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇവിടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലോഗിന്‍ ചെയ്യാനുള്ള ഒറ്റത്തവണ പാസ്വേഡ് ലഭിക്കും.

തെറ്റുകള്‍ തിരുത്തലിനായി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്ലോഡ് ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ തെരഞ്ഞെടുക്കുക എന്നീ ലളിതമായ മൂന്നു ഘട്ടങ്ങളാണ് ഇതിനുള്ളത്. പക്ഷേ, ലോഗിന്‍ ചെയ്യാനാവശ്യമായ പാസ്വേഡ് ലഭിക്കാന്‍ ആധാറിനായി അപേക്ഷിച്ചപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ നല്‍കണം.

നിര്‍ദിഷ്ട സ്ഥലത്ത് ഈ ഒ.ടി.പി നല്‍കി ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് അടുത്ത പേജില്‍ പേര്, വിലാസം, ലിംഗം, ജനന തീയതി, വിലാസം തുടങ്ങിയവയില്‍ ഏതിലാണ് മാറ്റംവരുത്തേണ്ടത് എന്നത് സെലക്ട് ചെയ്യാം. തുടര്‍ന്ന് ശരിയായ വിശദാംശങ്ങള്‍ നല്‍കാം.

ഇവിടെ ഇംഗ്ലീഷില്‍നിന്ന് തദ്ദേശീയ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷം ആവശ്യപ്പെടുന്ന തിരുത്തല്‍ സാധൂകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. അംഗീകൃത രേഖകളുടെ സ്‌കാന്‍ ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളാണ് അപ്ലോഡ് ചെയ്യേണ്ടത്.

(പാസ്‌പോര്‍ട്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പാസ്ബുക്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ട്/ പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവയില്‍ ഏതെങ്കിലും രേഖ സമര്‍പ്പിക്കാം. ബില്ലുകള്‍ ആണെങ്കില്‍ മൂന്നുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതാവരുത്. )

തുടര്‍ന്ന് തിരുത്തലിനാവശ്യമായ സമയവും ബി.പി.ഒ സേവനദാതാക്കളെയും സിസ്റ്റം കാട്ടിത്തരും. ഇതുകൂടി തിരഞ്ഞെടുത്താല്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (യു.ആര്‍.എന്‍) ലഭ്യമാവും. ഇത് പ്രിന്റെടുക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. ഇതുപയോഗിച്ച് അപേക്ഷയുടെ തല്‍സ്ഥിതി പിന്നീട് കണ്ടെത്താനാവും.