അല്‍ഫോണ്‍സ് കണ്ണന്താനം ഇനി കേന്ദ്രസഹമന്ത്രി: പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

single-img
3 September 2017

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ അഴിച്ചുപണി നടന്നു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ 13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്‍പത് പേരാണ് പുതുതായി മന്ത്രിസഭയിലേക്കെത്തിയത്. നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു.

ധര്‍മേന്ദ്ര പ്രധാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പീയുഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അവസാനത്തെ ആളായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് അല്‍ഫോന്‍സ് കണ്ണന്താനം.

നാലു മന്ത്രിമാര്‍ക്കു പുനഃസംഘടനയില്‍ കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു കാബിനറ്റ് മന്ത്രിമാരായത്. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു കേരളത്തിന് ആദ്യ പ്രതിനിധിയെ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.

അതേസമയം അണ്ണാ ഡിഎംകെ, ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്നു ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ ഉടന്‍ തീരുമാനമുണ്ടാകും. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചിരുന്നു.