ഓണ സദ്യയുടെ കൂടെ അധികം പപ്പടം കഴിക്കല്ലേ…

single-img
3 September 2017

മലയാളികള്‍ക്ക് ഭക്ഷണത്തോടൊപ്പം ഏറെ പ്രിയപ്പെട്ടതാണ് പപ്പടം. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം അധികം ആര്‍ക്കും തിരിച്ചറിയില്ല. ഭൂരിഭാഗം നിര്‍മാതാക്കളും പപ്പടം അലക്കുകാരം ചേര്‍ത്താണ് നിര്‍മിക്കുന്നതെന്നും ഇതു കാന്‍സര്‍, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പപ്പടത്തില്‍ അപകടകരമായ രീതിയില്‍ അലക്കുകാരം (സോഡിയം കാര്‍ബണേറ്റ്) ചേര്‍ക്കുന്നതായി അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. കാരക്കട്ടകള്‍ അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപയോഗിച്ചാണ് പപ്പടം നിര്‍മിക്കാറ്. ഈ പപ്പടം മൂന്നു ദിവസത്തിലധികം കേടു കൂടാതെ ഇരിക്കില്ല. എന്നാല്‍ സോഡിയം ബൈ കാര്‍ബണേറ്റ് ചേര്‍ന്ന സാധാരണ കാരലായനിക്കു പകരം പലരും സോഡിയം കാര്‍ബണേറ്റ് അഥവാ അലക്കുകാരവും ഉപ്പും വെള്ളവും നേരിട്ട് ഉഴുന്നുമാവിലേക്ക് കലര്‍ത്തുന്നു.

10 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം അലക്കുകാരമാണ് കലര്‍ത്തുന്നത്. ഈര്‍പ്പം നഷ്ടപ്പെടാതെ പപ്പടം കൂടുതല്‍ ദിവസം സൂക്ഷിക്കാനും സ്വാദ് ലഭിക്കാനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നു എന്നാല്‍, സോഡിയം കാര്‍ബണേറ്റ് ഭക്ഷ്യയോഗ്യമല്ല വസ്ത്രങ്ങള്‍ അലക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.

അലക്കുകാരം ചേര്‍ത്ത പപ്പടം പരിശോധനയ്ക്ക് എടുത്താലും ഇതിന്റെ അളവ് വ്യക്തമാകില്ല. നിര്‍മാണ സമയത്ത് കയ്യോടെ പിടികൂടിയാല്‍ മാത്രമേ കണ്ടെത്താനാകൂ. സ്ഥിരമായി ഇത്തരം പപ്പടം ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍, അള്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയേറെയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.