ബിജെപി നേതാക്കള്‍ അമര്‍ഷത്തില്‍: ‘കിട്ടിയത് മോദി സര്‍ക്കാരിന്റെ ഓണസമ്മാനമല്ല; നല്ല ഒന്നാന്തരം ഓണത്തല്ല്’

single-img
3 September 2017

കേരളത്തിനുള്ള ഓണസമ്മാനമാണ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നതെങ്കിലും സംസ്ഥാന നേതാക്കളെ മന്ത്രിസഭ പുനസംഘടനയില്‍ നിന്ന് ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളെയും ആര്‍.എസ്.എസ്സിനെയും പൂര്‍ണ്ണമായും കേന്ദ്രം ഒരിക്കല്‍ കൂടി തഴഞ്ഞിരിക്കുകയാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിനിമാതാരവും എം പിയുമായ സുരേഷ് ഗോപി, പാര്‍ട്ടിയുടെ യുവരക്തം കെ സുരേന്ദ്രന്‍.. ഇങ്ങനെ ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി പദത്തിലേക്ക് പ്രതീക്ഷിക്കപ്പെട്ട പല പേരുകളും തള്ളിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായത്. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിന് പരിഗണന ലഭിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ആ നറുക്ക് അല്‍ഫോണ്‍സ് കണ്ണാന്താനത്തിന് ലഭിക്കുമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ഇത് നേതാക്കള്‍ പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. ദില്ലിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനത്ത് ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലായിരുന്നു. ഒരു സാധാരണ ഒഴിവ് ദിവസത്തിന്റെ ആലസ്യത്തിലാണ് സംസ്ഥാന ഓഫീസ് ഇന്ന് കാണപ്പെട്ടത്.

കണ്ണന്താനത്തിന്റെ ജന്മനാടായ മണമലയിലൊഴികെ സംസ്ഥാനത്ത് മറ്റെവിടെയും കാര്യമായ ആഹ്ലാദ പ്രകടനങ്ങളുണ്ടായില്ല. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തെ സന്ദര്‍ശകര്‍ക്കുള്ള മുറിയിലെ ടി.വി ഓണാണെങ്കിലും ദൃശ്യങ്ങളൊന്നും കാണുന്നില്ല.

ഓണാവധിയല്ലേ… അപ്രതീക്ഷിത തീരുമാനമല്ലേ… അതാണ് ലഡ്ഡുവും പ്രകടനങ്ങളും ഇല്ലാത്തതെന്ന് ഒരു ജില്ലാ നേതാവ് അനൗദ്യോഗികമായി പറഞ്ഞു. ദില്ലിയില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കത്തിന്റെ ആഘാതത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം. വാജ്‌പേയ് സര്‍ക്കാരിലേക്ക് രാജഗോപാല്‍ സഹമന്ത്രിയായെത്തിയത് ആഘോഷത്തോടെയാണ് ബിജെപി കൊണ്ടാടിയത്. ലഡു വിതരണം ചെയ്തു രാജഗോപാല്‍ കി ജയ് വിളിച്ചും ആഘോഷമാക്കി.

അതേസമയം അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി പദത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും, വിഭാഗീയതയും എന്നിവ സംസ്ഥാന ബിജെപിയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് നേതാക്കളെ ഒഴിവാക്കാന്‍ കാരണമെന്നാണ് വിശദീകരണം.