ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു: മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍

single-img
3 September 2017

ഇന്ന് ഉത്രാടം. തിരുവോണ പുലരിയെ വരവേല്‍ക്കാന്‍ മലയാളികള്‍ പരക്കം പായുന്ന നാള്‍. ഓണത്തിന്റെ അവസാനഘട്ടമായെന്ന് അറിയിച്ച് ഉത്രാടം എത്തുമ്പോള്‍ കയ്യില്‍ക്കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാന്‍ തത്രപ്പാടിലാണ് ഓരോ മലയാളികളും.

പക്ഷെ വിലക്കയറ്റവും വിഷപ്പച്ചക്കറികളും ഷോപ്പിംഗ് മാള്‍ സംസ്‌കാരവും കൂടിച്ചേരുന്നിടത്താണ് ഉത്രാടപ്പാച്ചില്‍ എന്ന് മാത്രം. നഗരങ്ങളിലെ പ്രധാന പാതകള്‍ വസ്ത്രവിപണിയുടെ തിരക്കിലായിക്കഴിഞ്ഞു. വിലക്കിഴിവും സൗജന്യവുമെല്ലാം മനസിലാക്കി മലയാളി കോടിമുണ്ടും പുടവയുമെല്ലാം ശേഖരിക്കുകയാണ്.

ഒരാഴ്ച നീളുന്ന ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്കും ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. മഞ്ജുവാര്യരുടെയും ഗായകന്‍ വിജയ് യേശുദാസിന്റെയും നേതൃത്ത്വത്തില്‍ നൃത്തസംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത്തവണ കവടിയാറില്‍ നിന്ന് കിഴക്കേകോട്ടയും കടന്ന് മണക്കാട് വരെ വൈദ്യുതി വിളക്കുകള്‍ തെളിയും.

നഗരത്തിന് അകത്തും പുറത്തും 30 വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറും. ആഘോഷത്തോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ രാത്രി ഒമ്പതര വരെ വെള്ളയമ്പലം ജംഗ്ഷന്‍മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെ വാഹനഗതാഗതം അനുവദിക്കില്ല. വാഹന പാര്‍ക്കിംഗിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം ഒന്‍പതിന് വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന്റെ സമാപനം.